Latestകേരളംബിസിനസ്

പിടിവിട്ട് സ്വർണവില; 95,000 രൂപയിലേക്ക്

തിരുവനന്തപുരം: റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന സ്വർണവിലയിൽ ഇന്നും വർധന രേഖപ്പെടുത്തി. പവന് 400 രൂപ വർധിച്ചതോടെ സ്വർണവില പുതിയ ഉയരം കുറിച്ചു. 94,520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. 11,815 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ഇന്നലെ മൂന്ന് തവണയാണ് സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകളുണ്ടായത്. രാവിലെ റെക്കോർഡ് കുതിപ്പ് നടത്തിയ സ്വർണവില ഉച്ചയോടെ കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ വീണ്ടും കുതിക്കുകയായിരുന്നു. എട്ടിനാണ് സ്വർണവില ആദ്യമായി 90,000 കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് കുതിച്ച സ്വർണവില 95,000ലേക്ക് അടുക്കുകയാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ ഒഴുകിയെത്തുന്നതാണ് സ്വർണവില ഉയരാൻ പ്രധാന കാരണം.

അമേരിക്കയിൽ സാമ്പത്തിക രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന ചലനങ്ങൾ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വർധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.