കേരള സംസ്ഥാനത്തിന്റെ പേര് ഇനി മുതല്‍ കേരളം; നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ
കേരളത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാനുള്ള കേരള സർക്കാരിന്റെ അഭ്യർത്ഥന ചൊവ്വാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം.
2024 ജൂണ്‍ 24 ന് കേരള നിയമസഭ ഏകകണ്ഠമായി സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് ഔദ്യോഗികമായി മാറ്റണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയിരുന്നു. നിയമസഭാ പ്രമേയത്തെത്തുടർന്ന്, ചൊവ്വാഴ്ച നടന്ന കേന്ദ്ര മന്ത്രിസഭാ യോഗം സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റുന്നതിന് അംഗീകാരം നല്‍കുകയായിരുന്നു. പേര് മാറ്റണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
അടുത്തിടെ ഉദ്ഘാടനം ചെയ്ത സേവാ തീർത്ഥത്തില്‍ (പിഎംഒയുടെ പുതിയ കെട്ടിടം) നടന്ന ആദ്യ മന്ത്രിസഭാ യോഗമായിരുന്നു ചൊവ്വാഴ്ച ചേർന്നത്. ആദ്യ പ്രമേയം അവലോകനം ചെയ്ത ആഭ്യന്തര മന്ത്രാലയം ചില സാങ്കേതിക മാറ്റങ്ങള്‍ നിർദ്ദേശിച്ചതിനാലാണ് കേരള നിയമസഭ രണ്ടാമതും പ്രമേയം പാസാക്കിയത്. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ ഭാഷകളിലും തെക്കൻ സംസ്ഥാനത്തിന്റെ പേര് കേരള എന്നതില്‍ നിന്ന് കേരളം എന്നാക്കി മാറ്റണമെന്ന് പ്രമേയം അവതരിപ്പിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.
മലയാളത്തില്‍ ‘കേരളം’ എന്നാണ് സംസ്ഥാനത്തെ വിളിക്കുന്നതെന്നും, ദേശീയ സ്വാതന്ത്ര്യസമരകാലം മുതല്‍ മലയാളം സംസാരിക്കുന്ന സമൂഹങ്ങള്‍ക്കായി ഒരു ഐക്യ കേരളം രൂപീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നുവന്നിരുന്നുവെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളില്‍ കേരള എന്നാണ് സംസ്ഥാനത്തിന്റെ പേര് എഴുതിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഭരണഘടനയുടെ ആർട്ടിക്കിള്‍ 3 പ്രകാരം കേരളം എന്ന് ഭേദഗതി ചെയ്യാനും ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ പരാമർശിച്ചിരിക്കുന്ന എല്ലാ ഭാഷകളിലും കേരളം എന്ന് പുനർനാമകരണം ചെയ്യാനും കേന്ദ്രത്തോട് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഈ നിയമസഭ അഭ്യർത്ഥിക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു.
