ഇന്ന് കേരളപ്പിറവി ദിനം

ഇന്ന് കേരളപ്പിറവി ദിനം. കേരളത്തിന്റെ 68-ാം പിറന്നാള്‍. 

1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള ഇന്ത്യാ സര്‍ക്കാരിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കേരളം രൂപീകരിക്കുന്നത്. പിന്നെ വളര്‍ച്ചയുടെ കാലമായിരുന്നു. നവോത്ഥാനത്തിന്റെ വെളിച്ചം വീശിയ നാളുകള്‍. സാമൂഹ്യനീതിയേയും സാമ്പത്തിക സമരങ്ങളേയും കൂട്ടിയോജിപ്പിച്ചുള്ള ഇടപെടലുകള്‍. ഭൂപരിഷ്‌കരണ ബില്‍, വിദ്യാഭ്യാസ ബില്‍, അധികാര വികേന്ദ്രീകരണം, സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം, പരിസ്ഥിതി സംരക്ഷണ സമരങ്ങള്‍ തുടങ്ങി എത്രയേറെ വിളക്കുമാടങ്ങള്‍.


രാജ്യത്ത് ആദ്യമായി നൂറുശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളം. ആരോഗ്യരംഗത്തെയും വിദ്യാഭ്യാസരംഗത്തെയും നേട്ടങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി. കാടും പുഴകളും കായലുകളുമൊക്കെ ആടയാഭരണങ്ങളായുള്ള സംസ്ഥാനം വിനോദസഞ്ചാരരംഗത്തും വലിയ മുന്നേറ്റമുണ്ടാക്കി.