Latestകേരളം

കേരളത്തിലെ തടവുകാരുടെ വേതനം വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹർജി

സംസ്ഥാനത്തെ ജയിലിലെ തടവുകാരുടെ വേതനം വർധിപ്പിച്ച നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹർജി. വേതന വർധനവില്‍ സുപ്രീം കോടതി ഇടപെടല്‍ തേടിയാണ് ഹർജി.അഭിഭാഷകൻ അജീഷ് കളത്തില്‍ ഗോപിയാണ് സുപ്രീംകോടതിയില്‍ ഹർജി നല്‍കിയത്. വേതന വർധനവില്‍ ഹൈക്കോടതി ഇടപെടാൻ വിസമ്മതിച്ചിരുന്നു. വേതന വർധന സർക്കാരിൻ്റെ നയപരമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി അന്ന് തള്ളിയത്.

സ്‌കില്‍ഡ് ജോലിയില്‍ 620 രൂപ, സെമി സ്‌കില്‍ഡില്‍ 560 രൂപ, അണ്‍ സ്‌കില്‍ഡില്‍ 530 രൂപ എന്നിങ്ങനെയാണ് തടവുകാരുടെ വേതനം സർക്കാർ വർധിപ്പിച്ചത്. വേതന വർധന കേവലം സാമ്ബത്തിക വിഷയം മാത്രമല്ലെന്നും ജയില്‍ അന്തേവാസികളുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിർണായക നടപടിയാണെന്നും നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. ജയില്‍ തൊഴിലിനുള്ളതല്ല, മറിച്ച്‌ ശിക്ഷ അനുഭവിക്കാനുള്ള ഇടമെന്നാണ് ഹർജിക്കാരൻ ഉയർത്തുന്ന പ്രധാന വാദം.