ചുട്ടുപൊള്ളി കേരളം;നാല് സ്റ്റേഷനുകളില്‍ ഓറഞ്ച് അലർട്ടും ഏഴ് സ്റ്റേഷനുകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ചൂട് കഠിനമാകുന്നതിനിടെ അള്‍ട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതായി റിപ്പോർട്ട്.സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ നാല് സ്റ്റേഷനുകളില്‍ ഓറഞ്ച് അലർട്ടും ഏഴ് സ്റ്റേഷനുകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ജാഗ്രതാ നിർദ്ദേശം നല്‍കിയത്.
പത്തനംതിട്ടയിലെ കോന്നി, ഇടുക്കിയിലെ മൂന്നാർ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് (സൂചിക 9) രേഖപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന വികിരണ തോത് കണക്കിലെടുത്ത് ഇവിടങ്ങളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഓറഞ്ച് അലർട്ട്: കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാർ (ഇടുക്കി).
യെല്ലോ അലർട്ട്: കൊട്ടാരക്കര, കളമശ്ശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ, മാനന്തവാടി.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. വെയില്‍ കടുക്കുന്ന സമയങ്ങളില്‍, പ്രത്യേകിച്ച് പകല്‍ 11 മണി മുതല്‍ 3 മണി വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും കുടയും തൊപ്പിയും ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.
