ക്രിമിനല്‍ കേസുകളില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇനി കേരള സര്‍വകലാശാലയില്‍ പ്രവേശനമില്ല
ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവർക്കും, പരീക്ഷാ ക്രമക്കേടുകള്‍ മൂലം ഡീബാർ ചെയ്യപ്പെട്ടവർക്കും കോളേജുകളില്‍ പ്രവേശനം നിഷേധിക്കാൻ കേരള സർവകലാശാല പ്രിൻസിപ്പല്‍മാർക്ക് നിർദേശം നല്‍കി.പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവർ സംഘടനാപരമായ പ്രവർത്തനങ്ങള്‍ ലക്ഷ്യമിട്ട് കോഴ്‌സുകളില്‍ പുനഃപ്രവേശനം നേടുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് സർവകലാശാലയുടെ ഈ സുപ്രധാന തീരുമാനം. വാട്‌സ്‌ആപ്പ് വഴി കോപ്പിയടിച്ചതിനെത്തുടർന്ന് മൂന്ന് വർഷത്തേക്ക് ഡീബാർ ചെയ്യപ്പെട്ട ഒരു വിദ്യാർഥി മറ്റൊരു വിഷയത്തില്‍ പുനഃപ്രവേശനം നേടിയത് സർവകലാശാല അടുത്തിടെ റദ്ദാക്കിയിരുന്നു.
ഇനിമുതല്‍, പരീക്ഷകളില്‍ നിന്ന് ഡീബാർ ചെയ്യപ്പെട്ടിട്ടില്ലെന്നും ക്രിമിനല്‍ കേസുകളില്‍ പ്രതിയല്ലെന്നും ഉറപ്പുവരുത്തുന്ന സത്യവാങ്മൂലം വിദ്യാർഥികളില്‍ നിന്ന് വാങ്ങിയ ശേഷം മാത്രമേ കോളേജുകളില്‍ പ്രവേശനം ലഭിക്കുകയുള്ളൂ. ഈ സത്യവാങ്മൂലം വ്യാജമാണെന്ന് തെളിഞ്ഞാല്‍ പ്രവേശനം റദ്ദാക്കാൻ പ്രിൻസിപ്പലിന് അധികാരമുണ്ട്. പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോളേജ് കൗണ്‍സിലിനാണ് അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം. വിദ്യാർഥികള്‍ക്ക് പരാതിയുണ്ടെങ്കില്‍ സർവകലാശാലയെ സമീപിക്കാവുന്നതാണ്.
വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയില്‍ ചേർന്ന സിൻഡിക്കേറ്റ് ഉപസമിതി യോഗത്തിന്റേതാണ് തീരുമാനം. കോളേജ് പ്രവേശനത്തിനുള്ള ഉയർന്ന പ്രായപരിധി യു.ജി.സി. പിൻവലിച്ച സാഹചര്യം മുതലെടുത്താണ് പഠനം നിർത്തിയ പലരും വിവിധ കോഴ്‌സുകളില്‍ പുതിയ കോളേജുകളില്‍ ചേർന്നുതുടങ്ങിയതെന്നും സർവകലാശാല വിലയിരുത്തി.
