ഹജ്ജ് ക്വാട്ടയിലെ സംസ്ഥാന സർക്കാർ വിഹിതം വർധിപ്പിക്കണമെന്ന് കേന്ദ്രത്തോട് കേരളം

ഹജ്ജ് എംബാർക്കേഷൻ പോയിന്‍റ് കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റണമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കണ്ണൂർ വിമാനത്താവളം ഹജ്ജ് എംബാർക്കേഷൻ പോയിന്‍റാക്കി മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഹജ്ജ് ക്വാട്ടയിൽ സംസ്ഥാന സർക്കാരിന്റെ വിഹിതം വർധിപ്പിക്കണം. നിലവിൽ ഹജ്ജ് ക്വാട്ടയുടെ 70 ശതമാനം സർക്കാരിനും 30 ശതമാനം സ്വകാര്യ ഏജൻസികൾക്കുമാണ്. ഇത് 85:15 എന്ന അനുപാതത്തിൽ ആക്കാൻ മന്ത്രിയോട് അഭ്യർത്ഥിച്ചതായി അബ്ദുറഹ്മാൻ പ്രസ്താവനയിൽ പറഞ്ഞു. മന്ത്രി വി അബ്ദുറഹ്മാന്‍റെ പ്രസ്താവനയുടെ പൂർണ്ണരൂപം ചുവടെ.

ഹജ്ജ് ക്വാട്ടയിൽ സംസ്ഥാന സർക്കാരിന്റെ വിഹിതം വർദ്ധിപ്പിക്കാൻ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീമതി സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഹജ്ജ് ക്വാട്ടയുടെ 70 ശതമാനം സർക്കാരിനും 30 ശതമാനം സ്വകാര്യ ഏജൻസികൾക്കുമാണ്. ഇത് 85:15 എന്ന അനുപാതത്തിൽ ആക്കണമെന്നായിരുന്നു മന്ത്രിയോട് ആവശ്യപ്പെട്ടത്. വലിയൊരു ശതമാനം സ്വകാര്യ ഏജൻസികൾ തീർത്ഥാടനം നല്ല രീതിയിൽ സംഘടിപ്പിക്കുമ്പോൾ ചിലർ തീർഥാടകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ തീർത്ഥാടകരെ കബളിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവച്ചത്. ഇതോടൊപ്പം ഹജ്ജ് എംബാർക്കേഷൻ പോയിന്‍റ് കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റണമെന്നും കണ്ണൂർ വിമാനത്താവളം ഹജ്ജ് എംബാർക്കേഷൻ പോയിന്‍റാക്കി മാറ്റണമെന്നും മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

വഖഫ് ഭൂമിയിൽ നടപ്പാക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ടതാണ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയ മറ്റൊരു പ്രധാന ആവശ്യം. കേന്ദ്ര പദ്ധതി പ്രകാരം വഖഫ് ഭൂമിയിൽ മൾട്ടി പർപ്പസ് കെട്ടിടം നിർമ്മിക്കുന്നതിന് പലിശ രഹിത വായ്പ ലഭിക്കാൻ അവസരമുണ്ട്. എന്നാൽ ഇതിന് എട്ട് ശതമാനം അഡ്മിനിസ്ട്രേറ്റീവ് കോസ്റ്റ് എന്ന നിലയിൽ പലിശയ്ക്ക് പകരം തുക ഈടാക്കുന്നുണ്ട്. വഖഫ് ഭൂമിയിൽ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കൺവെൻഷൻ സെന്ററുകൾ, വാടകയ്ക്ക് നൽകാൻ കഴിയുന്ന കെട്ടിടങ്ങൾ തുടങ്ങിയവ നിർമിക്കാനാണ് വായ്പ ലഭിക്കുക. ക്ഷേമ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഇത്തരം പദ്ധതികൾക്ക് എട്ട് ശതമാനം തുക അടയ്ക്കണമെന്നത് സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതാണ്. ഇത് കണക്കിലെടുത്താണ് തുക 4 ശതമാനമായി കുറയ്ക്കാൻ കേന്ദ്ര വഖഫ് കൗൺസിൽ തീരുമാനിച്ചത്. എന്നാൽ ഇത് ഇതുവരെ നടപ്പാക്കിയിട്ടില്ല. വിഷയത്തിൽ മന്ത്രി ഇടപെടണമെന്നും ഒറ്റ തവണ അടയ്ക്കേണ്ട അഡ്മിനിസ്ട്രേറ്റീവ് കോസ്റ്റ് നാല് ശതമാനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.