കേരളത്തില്‍ ഇന്നും ശക്തമായ മഴ; അഞ്ചു ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം
കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് അഞ്ചു ജില്ലകളില്‍ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശമുള്ളത്. യെല്ലോ അലർട്ടാണ് ഈ ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം, ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുള്ള അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയില്‍ മരണസംഖ്യ 100 കടന്നു. രണ്ട് ലക്ഷത്തിലധികം ആളുകള്‍ ദുരിതബാധിതരായതായി സർക്കാർ കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യതലസ്ഥാനമായ കൊളംബോയും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ‘ഓപ്പറേഷൻ സാഗർ ബന്ധു’വിൻറെ ഭാഗമായി ഇന്ത്യ കൂടുതല്‍ സഹായങ്ങള്‍ ഇന്ന് ശ്രീലങ്കയ്ക്ക് എത്തിക്കും.
അതേസമയം, കിഴക്കൻ തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളില്‍ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു ട്രെയിൻ പൂർണമായും 11 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ ഡെല്‍റ്റ ജില്ലകളിലും സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
