Latestകേരളം

കേരളപ്പിറവി ദിനത്തില്‍ രാജ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും

കേരളപ്പിറവിദിനമായ ഇന്ന് കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമാകും.ശനിയാഴ്ച ചേരുന്ന പ്രത്യേക നിയമസഭാസമ്മേളനത്തില്‍ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും. വൈകീട്ട് സെൻട്രല്‍ സ്റ്റേഡിയത്തിലാണ് പൊതുപ്രഖ്യാപനം.

ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള സാമ്ബത്തികവരവും കാലാകാലങ്ങളിലെ സർക്കാരുകളുടെ പ്രവർത്തനങ്ങളും കേരളത്തിന്റെ ജീവിതനിലവാരം ഉയർത്തുകയും ദാരിദ്ര്യത്തെ ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. അതിദാരിദ്ര്യം പിന്നെയും പിന്തുടർന്നവരെയാണ് ഇപ്പോള്‍ മോചിപ്പിക്കുന്നത്. ഇതോടെ, ഐക്യരാഷ്ട്രസഭയുടെ ഒന്നും രണ്ടും സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ (ദാരിദ്ര്യ നിർമാർജനവും വിശപ്പില്‍നിന്നുള്ള മോചനവും) പൂർണമായി കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമായി കേരളം മാറുമെന്ന് സർക്കാർ വിശദീകരിക്കുന്നു.

2021-ലാണ് അതിദാരിദ്ര്യമുക്തയജ്ഞം സർക്കാർ തുടങ്ങിയത്. സർവേയിലൂടെ അതിദരിദ്രരായി കണ്ടെത്തിയ 64,006 കുടുംബങ്ങളില്‍ 4445 പേർ അഞ്ചുകൊല്ലത്തിനിടെ മരിച്ചു. അലഞ്ഞുതിരിഞ്ഞുനടന്ന 231 കുടുംബങ്ങളെ കണ്ടെത്താനോ സഹായിക്കാനോ ആയില്ല. ഒന്നിലേറെ തദ്ദേശസ്ഥാപനങ്ങളിലെ പട്ടികയില്‍പ്പെട്ട 47 നാടോടികളെ ഒരിടത്തുമാത്രം നിലനിർത്തി. ഇവരുള്‍പ്പെട്ട 4723 കുടുംബങ്ങളെ പട്ടികയില്‍നിന്ന് താത്കാലികമായി ഒഴിവാക്കി.

ബാക്കിയുള്ള 59,283 കുടുംബങ്ങളെയാണ് അതിദാരിദ്ര്യമുക്തരാക്കിയത്. ശനിയാഴ്ച വൈകീട്ട് നടക്കുന്ന പൊതുപ്രഖ്യാപനച്ചടങ്ങില്‍ നടന്മാരായ കമല്‍ഹാസൻ, മമ്മൂട്ടി, മോഹൻലാല്‍ തുടങ്ങിയവരും മന്ത്രിമാരും പങ്കെടുക്കും.