ബിപോര്‍ജോയ്; കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

കാലവര്‍ഷവും ബിപോര്‍ജോയ് ചുഴലിക്കാറ്റും കണക്കിലെടുത്ത് കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ റിപ്പോർട്ട്. ഇന്ന്( വ്യാഴാഴ്ച) രാത്രി 11.30 വരെ 2.5 മുതല്‍ 2.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
അതേസമയം കേരള – കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.