കേരളത്തിലെ കോൺഗ്രസ് ഗവർണറെ പിന്തുണക്കുന്നതിൽ ഖർഗെയ്ക്ക് അതൃപ്തി

ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കൾ പിന്തുണയ്ക്കുന്നതിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അതൃപ്തി. ഗവർണറെ പിന്തുണയ്ക്കുന്ന നിലപാടൊന്നും കോൺഗ്രസിനില്ലെന്ന് ഖാർഗെ വ്യക്തമാക്കി. ഗവർണറുടെ വിഷയത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഖാർഗെ ഗവർണറെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയത്. ഖാർഗെയെ കൂടാതെ എൻസിപി അധ്യക്ഷൻ ശരദ് പവാറുമായും യെച്ചൂരി ചർച്ച നടത്തി.

സി.പി.എം കേന്ദ്രകമ്മിറ്റിയിലെ പൊതുവായ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള ചർച്ചയിൽ സർക്കാരിനെ തുടർച്ചയായി പ്രതിസന്ധിയിലാക്കുന്ന ഗവർണറുമായി സമവായത്തിന്‍റെ പാതയുടെ ആവശ്യമില്ലെന്ന് പല അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു. ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാട് ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനയ്ക്കും എതിരാണെന്ന് വിമർശനമുയർന്നിരുന്നു.

കേരള സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് വ്യക്തമാക്കിയ കേന്ദ്രകമ്മിറ്റി ഗവർണറുടെ നടപടികൾക്കെതിരെ രാഷ്ട്രീയ പ്രതിരോധം തീർക്കാനും തീരുമാനിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ഗവർണർമാരുടെ ഏറ്റുമുട്ടലിനെതിരെ പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ച് നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യെച്ചൂരി പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തുന്നത്.