ഐപിഎൽ മത്സരത്തിനിടെ വാക്കുതര്‍ക്കം; കോലിക്കും ഗംഭീറിനും പിഴ

ഐപിഎൽ മത്സരത്തിനിടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട വിരാട് കോലിക്കും ഗൗതം ഗംഭീറിനും നവീന്‍ ഉല്‍ ഹഖിനും പിഴ. ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിനിടെയാണ് സംഭവം.ഐപിഎല്‍ ചട്ടം ലംഘിച്ചുവെന്നാണ് അച്ചടക്ക സമിതി വ്യക്തമാക്കുന്നത്
ആര്‍സിബി താരമായ കോലിയും ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് മെന്ററായ ഗൗതം ഗംഭീറും മാച്ച് ഫീയുടെ 100 ശതമാനം പിഴയടയ്ക്കണം. ലഖ്‌നൗവിന്റെ അഫ്ഗാനിസ്ഥാന്‍ താര നവീന്‍ ഉള്‍ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ.
സീസണിലെ ആദ്യ മത്സരത്തിൽ ആര്‍സിബി പരാജയപ്പെട്ടിരുന്നു.അന്ന് ഗംഭീര്‍ നടത്തിയ വിജയാഘോഷമായിരിക്കാം തര്‍ക്കത്തിന്റെ കാരണമെന്ന് വിലയിരുത്തപ്പെടുന്നത്. ആര്‍സിബി ആരാധകര്‍ക്ക് നേരെതിരിഞ്ഞ് വായ്മൂടിക്കെട്ടാന്‍ ഗംഭീര്‍ ആംഗ്യം കാണിക്കുകയായിരുന്നു. അതിനുള്ള മറുപടി കോലി കഴിഞ്ഞദിവസം അതേ രീതിയിലുള്ള ആംഗ്യം കാണിച്ചു. ഇതായിരിക്കാം കാരണമെന്നാണ് കരുതുന്നത്.

മത്സരത്തില്‍ ജയിച്ചശേഷം രോയല്‍ ചല‍ഞ്ചേഴ്സ് ബാംഗ്ലൂര്‍ ഡ്രസ്സിംഗ് റൂമില്‍ കൊടുത്താല്‍ തിരിച്ചുകിട്ടുമെന്ന് ഓര്‍മ വേണം, ഇല്ലെങ്കില്‍ കൊടുക്കാന്‍ നില്‍ക്കരുതെന്നും കോലി ആര്‍സിബി പുറത്തുവിട്ട വിഡിയോയില്‍ പറയുന്നു.