Latestകേരളം

ഭാര്യയെ കൊലപ്പെടുത്തി ബൈക്കില്‍ രക്ഷപ്പെടുന്നതിനിടെ ബസുമായി കൂട്ടിയിടിച്ച്‌ ഗുരുതര പരിക്കേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍

കൊ ച്ചി: പെരുമ്പാവൂർ കീഴില്ലത്ത് കുടുംബ വഴക്കിനെ തുടർന്നു ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി.കീഴില്ലം സ്വദേശിനിയായ ബിജിമോള്‍ (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഭർത്താവ് ലൈജുവിനെ കണ്ടെത്തുന്നതിനായി കുറുപ്പംപടി പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കീഴില്ലത്തെ ഒരു ഹോട്ടലില്‍ വെച്ചാണ് സംഭവം നടന്നത്. ദമ്പതികള്‍ക്കിടയില്‍ രൂക്ഷമായ വാക്കുതർക്കം ഉണ്ടായി. തർക്കത്തിനിടെ പ്രകോപിതനായ ലൈജു, ബിജിമോള്‍ കഴുത്തില്‍ ധരിച്ചിരുന്ന ഷാള്‍ ഉപയോഗിച്ച്‌ മുറുക്കിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഇയാള്‍ ഹോട്ടലില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

സംഭവ സമയത്ത് ദമ്പതികളുടെ മകൻ കൂടെ ഉണ്ടായിരുന്നില്ല. പുറത്തു പോയിരുന്ന മകൻ തിരിച്ചെത്തിയപ്പോഴാണ് അമ്മ അബോധാവസ്ഥയില്‍ കിടക്കുന്നത് കാണുന്നത്. ഉടൻ ഹോട്ടല്‍ അധികൃതരെ അറിയിക്കുകയും ബിജിമോളെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറുപ്പംപടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി.