കോടിയേരിയെ അധിക്ഷേപിച്ച് കുറിപ്പ്; പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം

കണ്ണൂർ: സി.പി.എം പി.ബി അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തെ തുടർന്ന് വാട്സ് ആപ്പിൽ അധിക്ഷേപകരമായ കുറിപ്പിട്ട പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം. കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ മുൻ ഗണ്മാൻ ഉറൂബിനെതിരെ ഡിജിപിക്ക് പരാതി ലഭിച്ചതിന് പിന്നാലെയാണ് പ്രതിഷേധം. സി.പി.എം ആനക്കോട് ബ്രാഞ്ച് സെക്രട്ടറിയാണ് പരാതി നൽകിയത്.

പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എമ്മിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ആരോപണവിധേയനായ പൊലീസുകാരൻ ഉറൂബിനെതിരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷന് മുന്നിലാണ് ഇപ്പോൾ ഉപരോധ സമരം നടക്കുന്നത്. എൽവിഎച്ച്എസ് പിടിഎ 2021-22 എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് കോടിയേരി ബാലകൃഷ്ണനെതിരെ ഇയാൾ അപകീർത്തികരമായ കുറിപ്പിട്ടത്.

സംസ്ഥാന പൊലീസിനെ നവീകരിക്കാൻ മുൻകൈയെടുത്ത ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളും ഇത് ഓർത്തെടുക്കുമ്പോഴാണ്, കോടിയേരിയുടെ മരണത്തിന് പുറകെ പൊലീസ് ഉദ്യോഗസ്ഥൻ തന്നെ കോടിയേരിക്കെതിരെ അപകീർത്തികരമായ പോസ്റ്റിടുന്നത്. എക്കാലവും വിവാദങ്ങളിൽപ്പെട്ട ആഭ്യന്തരവകുപ്പിനെ അച്ചടക്കത്തോടെ കൊണ്ടുപോയതായിരുന്നു മന്ത്രിസ്ഥാനത്തെ കോടിയേരിയുടെ വിജയം.