Latestകേരളം

കൊല്ലത്ത് ലഹരിസംഘങ്ങള്‍ ഏറ്റുമുട്ടി; യുവാവ് കൊല്ലപ്പെട്ടു

ലഹരി സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവാവ് കൊല്ലപ്പെട്ടു. കൊല്ലം പൊരീക്കലിലാണ് സംഭവം. ഇടവട്ടം ഗോകുലത്തില്‍ ഗോകുല്‍ നാഥ് (35) ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് ലഹരി സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

ഇടവട്ടം ജയന്തി നഗറില്‍ വച്ചാണ് സംഘർഷം ഉണ്ടായത്. പ്രതിയെന്ന് സംശയിക്കുന്ന അരുണ്‍ ഒളിവിലാണ്. ജയന്തി നഗർ അരുണ്‍ ഭവനില്‍ അരുണും ഗോകുല്‍ നാഥും കഞ്ചാവ് വില്‍പ്പന സംഘത്തിലെ പ്രതികളാണെന്നാണ് പോലീസ് പറയുന്നത്.

ജയന്തി നഗർ സ്വദേശി ജോസിന്റെ വീടിന് മുന്നില്‍ വച്ചാണ് ലഹരി സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. അലർച്ച കേട്ട് എത്തിയ പ്രദേശവാസികളാണ് ഗോകുലിനെ അവശനിലയില്‍ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

എനിക്ക് വയ്യെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും ഗോകുല്‍ പറഞ്ഞതായി സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. ഗോകുലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിക്കുമ്ബോള്‍ അരുണും ഉണ്ടായിരുന്നു. ഇവിടെ നിന്ന് അരുണ്‍ കടന്നുകളഞ്ഞു.