Latestകേരളം

അഞ്ചലില്‍ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ മൂന്ന് പേർ മരിച്ചു

കൊല്ലം.അഞ്ചലില്‍ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ മൂന്ന് പേർ മരിച്ചു. ഓട്ടോയില്‍ ഉണ്ടായിരുന്ന കരവാളൂർ നീലമ്മാള്‍ പള്ളിവടക്കതില്‍ വീട്ടില്‍ ശ്രുതിലക്ഷ്മി (16), തഴമേല്‍ ചൂരക്കുളം ജയജ്യോതി ഭവനില്‍ ജ്യോതിലക്ഷ്മി (21), ഓട്ടോ ഡ്രൈവർ തഴമേല്‍ ചൂരക്കുളം അക്ഷയ് ഭവനില്‍ അക്ഷയ് (23) എന്നിവരാണ് മരിച്ചത്.അഞ്ചല്‍ പുനലൂർ പാതയിലെ മാവിളയില്‍ ഇന്ന് പുലർച്ചെയായിരുന്നു അപകടം. ശ്രുതി ലക്ഷ്മി കരവാളൂർ AMMHS ലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയും, ജ്യോതിലക്ഷ്മി ബെംഗളൂരുവില്‍ നഴ്സിങ് വിദ്യാർത്ഥിനിയുമാണ്.

ആന്ധ്രാപ്രദേശില്‍ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസും അഞ്ചലില്‍ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. ചൂരക്കുളത്തെ ജ്യോതിലക്ഷ്മിയുടെ വീട്ടില്‍ നിന്നും ശ്രുതിലക്ഷ്മിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ഓട്ടോ. അപകട സ്ഥലത്ത് വെച്ചുതന്നെ ഓട്ടോ ഡ്രൈവർ അക്ഷയ് മരിച്ചു. അഞ്ചല്‍ പൊലീസ് തുടർനടപടികള്‍ സ്വീകരിച്ചു.