Latestദേശീയംവാര്‍ത്തകള്‍

കൊല്ലൂർ മൂകാംബിക ക്ഷേത്രപരിസരത്ത് നിന്ന് കാണാതായ യുവതിയുടെ മൃതദേഹം സൗപർണിക നദിയില്‍ കണ്ടെത്തി

കൊല്ലൂർ മൂകാംബിക ക്ഷേത്രപരിസരത്ത് നിന്ന് കാണാതായ ബംഗളൂരു സ്വദേശിനി വസുധ ചക്രവർത്തിയുടെ (45) മൃതദേഹം സൗപർണിക നദിയില്‍ കണ്ടെത്തി.ക്ഷേത്ര ഫോട്ടോഗ്രാഫറായിരുന്നു വസുധ ചക്രവർത്തി. ഓഗസ്റ്റ് 27 ന് ബെംഗളൂരുവില്‍ നിന്ന് കൊല്ലൂരിലേക്ക് ഒരു കാറില്‍ എത്തിയ വസുധയെ കാണാതാകുകയായിരുന്നു.

തുടർന്ന് കാർ പാർക്ക് ചെയ്ത ശേഷം പുറത്തേക്ക് പോയ യുവതി പിന്നീട് തിരിച്ചെത്തിയില്ലെന്ന് കാണിച്ച്‌ ഇവരുടെ അമ്മ വിമലാ ചക്രവർത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മകളെ ഫോണില്‍ വിളിക്കാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. പിറ്റേദിവസം കൊല്ലൂരിലെത്തിയ വിമലാ ചക്രവർത്തി ക്ഷേത്രം ജീവനക്കാരുമായി ബന്ധപ്പെട്ടു.

മാനസികമായി അസ്വസ്ഥയായിരുന്ന വസുധ പിന്നീട് റോഡിലേക്ക് ഓടിപ്പോകുകയായിരുന്നുവെന്ന് ജീവനക്കാർ അറിയിച്ചു. ക്ഷേത്രത്തിന് സമീപത്തും പരിസരപ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെക്കുറിച്ച്‌ ഒരു വിവരവും ലഭിച്ചില്ല. തുടർന്ന് വിമല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അഗ്നിരക്ഷാസേന, മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മാല്‍പെ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

പുഴയില്‍ യുവതി ചാടിയെന്ന് സംശയിക്കുന്ന സ്ഥലത്തുനിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു