അമ്മയെയും മക്കളെയും ചുട്ടുകൊല്ലാന്‍ ശ്രമം: അനുജത്തിയെ ഓട് പൊളിച്ച് രക്ഷിച്ച് പതിനഞ്ചുകാരന്
കോന്നിയില്‍ രണ്ടാനച്ഛൻ തീകൊളുത്തിയ വീട്ടില്‍ നിന്നും സഹോദരിയെ 15 വയസുകാരനായ സഹോദരൻ രക്ഷിച്ചത് സാഹസികമായി.ഭാര്യയെയും മക്കളെയും മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം രണ്ടാനച്ഛനായ വടശേരിക്കര അരീക്കക്കാവ് സ്വദേശി തെങ്ങുംപള്ളിയില്‍ സിജുപ്രസാദ് ആണ് വീടിന് തീയിട്ടത്.
ആളിപ്പടര്‍ന്ന തീയ്ക്കുള്ളില്‍ നിന്ന് അനുജത്തിയെ വലിച്ചെടുത്ത് വീടിന്റെ കഴുക്കോലില്‍ തൂങ്ങി ഓട് പൊളിച്ചാണ് സഹോദരന് പുറത്തിറക്കിയത്. പൊള്ളലേറ്റെങ്കിലും കുട്ടി അമ്മയെയും മുകളിലേക്ക് വലിച്ചുകയറ്റാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പൊള്ളലേറ്റ അമ്മയെ നാട്ടുകാരാണ് കതക് തകര്‍ത്ത് പുറത്തിറക്കിയത്.
ടി.കെ.സിജുപ്രസാദ് (43) ആണ് ഭാര്യ രജനി (40), മകന് പ്രവീണ്‍ (15), ഇളയ മകള്‍ എന്നിവരെ മുറിക്കുള്ളിലിട്ട് പൂട്ടിയശേഷം തീപ്പന്തമെറിഞ്ഞ് കത്തിച്ചത്. കോന്നി പോലീസ് ഇയാളെ അറസ്റ്റുചെയ്തു.
പൊള്ളലേറ്റ രജനിയും മകനും കോന്നി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിക്ക് പരിക്കില്ല. വകയാര്‍ കൊല്ലന്‍പടി കനകമംഗലത്ത് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം.
