Latestകേരളം

ബൈക്ക് ഓടിക്കുന്നതിനിടെ തേങ്ങ തലയില്‍ വീണു, ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കൂത്താട്ടുകുളത്ത് ബൈക്ക് ഓടിക്കുന്നതിനിടെ യുവാവിന്‍റെ തലയില്‍ തേങ്ങ വീണു. ഇതോടെ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീണ് ബൈക്ക് യാത്രികൻ മരിച്ചു.പാലക്കുഴ തോലാനി കുന്നേല്‍ താഴം സ്വദേശി സുധീഷ് (38) ആണ് മരിച്ചത്.

പാലക്കുഴയില്‍ നിന്നും കൂത്താട്ടുകുളത്തേക്ക് പോകുന്നതിനിടെ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. സോഫിയ കവലയില്‍ വെച്ചാണ് തലയില്‍ തേങ്ങ വീണത്. തലയില്‍ തേങ്ങ വീണതോടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് വാഹനം ഉള്‍പ്പെടെ റോഡിന്റെ വശത്ത് താഴ്ചയിലേക്ക് മറിഞ്ഞു. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സയ്ക്കിടെ വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ചത്.

സുധീഷ് പാലക്കുഴയില്‍ വർക്ക് ഷോപ്പ് നടത്തുകയായിരുന്നു. വർക്ക് ഷോപ്പ് ജോലിക്കുള്ള പോളിഷിംഗ് സാധനങ്ങള്‍ എടുക്കാൻ കൂത്താട്ടുകുളത്തേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പിതാവ്: സോമശേഖരൻ. മാതാവ്: രമണി, ഭാര്യ: സൂര്യ, മക്കള്‍: ശ്രീദേവ്, ശ്രീഹരി (കൂത്താട്ടുകുളം ഗവ. യുപി സ്കൂള്‍ വിദ്യാർഥികള്‍). സഹോദരി: സുധർമ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം.