വൈശാഖോത്സവം: നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു
മയ്യിൽ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റ്യാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.
കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവപാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക. പാതിരിയാട് മഠത്തിൽ നെയ്യമൃത് സംഘത്തെ യാത്രയാക്കാൻ ഒട്ടേറെ ഭക്തരെത്തിയിരുന്നു.