കൊട്ടിയൂര്‍ ഉത്സവ നഗരിയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് പൊലീസ്

കൊട്ടിയൂര്‍: വൈശാഖ മഹോത്സവത്തിനോടനുബന്ധിച്ച്‌ കണ്ണൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി വിളിച്ചുചേര്‍ത്ത വിവിധ വകുപ്പ് മേധാവികളുടെ യോഗം ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്ര പരിസരത്ത് ചേര്‍ന്നു.

കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി എം ഹേമലത യോഗം ഉദ്ഘാടനം ചെയ്തു. പേരാവൂര്‍ ഡിവൈഎസ്പി എ വി ജോണ്‍, കൊട്ടിയൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ സി സുബ്രഹ്‌മണ്യന്‍ നായര്‍, കൊട്ടിയൂര്‍ പഞ്ചായത് പ്രസിഡന്റ് റോയ് നമ്പുടാകം, സെപ്ഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ് കുമാര്‍, ദേവസ്വം ട്രസ്റ്റിമാരായ തിട്ടയില്‍ നാരായണന്‍ നായര്‍, പ്രശാന്ത്, രവീന്ദ്രന്‍ പൊയിലൂര്‍, കേളകം, കണിച്ചാര്‍ പഞ്ചായത് വൈസ് പ്രസിഡന്റുമാരായ തങ്കമ്മ മേലെക്കുറ്റ്, ഷാന്റി തോമസ്, കേളകം എസ് എച് ഒ ജാന്‍സി മാത്യു എന്നിവര്‍ സംസാരിച്ചു.

ഇക്കരെ കൊട്ടിയൂരിലും പരിസരത്തും കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കും. പാര്‍ക്കിങ്ങിനായി സ്വകാര്യ വ്യക്തികളുടേതടക്കം സ്ഥലങ്ങള്‍ സജ്ജീകരിക്കും. എന്നാല്‍ കേളകം ടൗണില്‍ പാര്‍കിങ്ങ് നിയന്ത്രിക്കാനായി കയര്‍ കെട്ടി തിരിക്കാന്‍ അനുവദിക്കില്ലെന്ന് പഞ്ചായത് വൈസ് പ്രസിഡന്റ് പറഞ്ഞു. ഇക്കരെ അക്കരെ കൊട്ടിയൂരില്‍ വാച്ച്‌ ടവര്‍ സ്ഥാപിക്കും.

ഉത്സവ നഗരി യാചക നിരോധന മേഖലയായിരിക്കും. പെര്‍മിറ്റ് ഇല്ലാതെ കൊട്ടിയൂരിലേക്ക് ബസ് സസ്‌വിസ് നടത്തിയാല്‍ പിടികൂടും. ഉത്സവ നഗരിയില്‍ പൊലീസ് റിക്കവറി വാന്‍ എത്തിക്കാനും ആംബുലന്‍സിന് സ്ഥിരമായി ഡ്രൈവര്‍മാരെ നിയമിക്കണമെന്നും യോഗത്തില്‍ ആവശ്യമുന്നയിച്ചു. പൊലീസ്, റവന്യൂ, കെഎസ്‌ഇബി, എക്സൈസ്, ആരോഗ്യ, വനം, മോടോര്‍ വാഹന വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.