സ്റ്റോപ്പില്‍ ഇറങ്ങാൻ മറന്നു : അമ്മയെയും കുഞ്ഞിനെയും തിരികെ എത്തിച്ച് കെഎസ്ആര്‍ടിസി
കൊയിലാണ്ടി:അർധരാത്രി ബസില്‍ നിന്ന് ഇറങ്ങാൻ മറന്ന അമ്മയെയും കുഞ്ഞിനെയും തിരികെ സ്ഥലത്ത് ഇറക്കി കെഎസ്ആർടിസി ബസ് ജീവനക്കാർ.ഇന്നലെ അർധരാത്രിയാണ് സംഭവം.
കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസില്‍ വൈറ്റിലയില്‍ നിന്നാണ് യുവതിയും കുഞ്ഞും കയറിയത്. മലപ്പുറം ചങ്കുവെട്ടിയിലായിരുന്നു ഇവർക്ക് ഇറങ്ങേണ്ടിയിരുന്നത്.
എന്നാല്‍ ഇറങ്ങാൻ മറന്ന ഇവർ ഏറെ നേരം കഴിഞ്ഞാണ് സ്ഥലം കഴിഞ്ഞതായി അറിഞ്ഞത്. തുടർന്ന്ബസ് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. ഇവരെ അവിടേക്ക് പോകുന്ന മറ്റ് ഏതെങ്കിലും കെഎസ്ആർടിസിയില്‍ തന്നെ കയറ്റിവിടാൻ തീരുമാനിച്ചെങ്കിലും ബസ് വരാതായതോടെതിരിച്ച് ചങ്കുവെട്ടിയിലേക്ക് തന്നെ ബസ് എടുക്കുകയായിരുന്നു.
പതിനേഴ് കിലോമീറ്ററാണ് യുവതിക്കും കുഞ്ഞിനുമായി ബസ് വീണ്ടും ഓടിയത്. ചങ്കുവെട്ടിയില്‍ ബസ് എത്തുമ്ബോഴെക്കും യുവതിയുടെ സഹോദരൻ കാറുമായെത്തിയിരുന്നു. ബസിലെ സ്ത്രീകളടക്കമുള്ള യാത്രക്കാരും സഹകരിച്ചു.
