Latestകേരളം

കോഴിക്കോട് ട്രെയിൻ യാത്രയ്ക്കിടെ കൈക്കുഞ്ഞിനെ ഉപക്ഷേിച്ച് യുവതി മുങ്ങി

കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ കൈക്കുഞ്ഞിനെ ഉപക്ഷേിച്ച് യുവതി മുങ്ങി. കോഴിക്കോട് നിന്ന് പാലക്കാടേക്ക് പോകുന്ന പാസഞ്ചർ ട്രെയിനിലാണ് സംഭവം. ഇന്നലെ കോഴിക്കോട് സ്റ്റേഷനിൽ നിന്ന് കൈക്കുഞ്ഞുമായി ട്രെയിനിൽ കയറിയ യുവതി സഹയാത്രികന് സമീപം കുഞ്ഞിനെ ഇരുത്തി ശുചിമുറിയിലേക്ക് പോയിട്ട് വരാമെന്ന് പറഞ്ഞ് പോവുകയായിരുന്നു. പിന്നീട് ട്രെയിൻ പുറപ്പെട്ടിട്ടും യുവതി തിരികെയെത്തിയില്ല.

ട്രെയിനിലെ ശുചിമുറിയിൽ നോക്കിയപ്പോൾ യുവതിയില്ല. കുഞ്ഞ് കരയാൻ തുടങ്ങിയപ്പോൾ പരിഭ്രാന്തനായ യുവാവ് ഫറോക്ക് സ്റ്റേഷനിൽ ഇറങ്ങി കാര്യം റെയിൽ വേ അധികൃതരെ അറിയിച്ചു. തുടർന്ന് കുഞ്ഞിനെ റെയിൽവേ പൊലീസിന് കൈമാറി. യുവാവ് പോലിസിൽ പരാതി നൽകി.

സിസിടിവികൾ പരിശോധിച്ച് റെയിൽവേ പോലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ 25 വയസ് പ്രായം തോന്നിക്കുന്ന യുവതിയാണ് കുഞ്ഞുമായി ട്രെയിനിൽ കയറിയതെന്ന് വ്യക്തമായി. യുവതിയെ ഉടൻ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.