നിലവിലെ വൈദ്യുതി നിരക്ക് തുടരും; ഒരു മാസം കൂടി നീട്ടി റെഗുലേറ്ററി കമ്മീഷൻ
സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക് ഒരു മാസം കൂടി നീട്ടി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി.
നവംബർ 30 വരെയോ പുതിയ നിരക്ക് പ്രഖ്യാപിച്ചുള്ള ഉത്തരവ് വരുന്നത് വരെയോ ആയിരിക്കും നിലവിലെ നിരക്ക് ബാധകമാവുക.
നിരക്ക് വർധന സംബന്ധിച്ച അപേക്ഷയിൽ തെളിവെടുപ്പ് നടപടി ക്രമങ്ങൾ റെഗുലേറ്ററി കമ്മീഷൻ പൂർത്തിയാക്കി. ഇലക്ട്രിസിറ്റി ആക്ടിലെ സെക്ഷൻ 64 പ്രകാരം നിരക്ക് പരിഷ്കരിക്കാനുള്ള അപേക്ഷ ലഭിച്ച് 120 ദിവസത്തിനകം തെളിവെടുപ്പ് പൂർത്തിയാക്കി അന്തിമ തീരുമാനം എടുക്കണം. ഓഗസ്റ്റ് രണ്ടിനാണ് കെഎസ്ഇബി അപേക്ഷ നൽകിയത്.
കെഎസ്ഇബി നിർദ്ദേശങ്ങളും പൊതു തെളിവെടുപ്പിൽ ഉയർന്നതും സെപ്തംബർ 18 വരെ ലഭിച്ച രേഖാ മൂലമുള്ള വിവിധ അഭിപ്രായങ്ങളും പരിഗണിച്ച് താരിഫ് നിർണ്ണയത്തിന്റെ മുഴുവൻ പ്രക്രിയയും പൂർത്തിയാക്കാൻ കുറച്ച് ആഴ്ചകൾ കൂടി എടുക്കുമെന്ന് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.