മഹാഭാരത ചരിത്രത്തിലൂടെ തീർഥാടന യാത്രയുമായി കെ.എസ്.ആർ.ടി.സി
കണ്ണൂർ | ആറന്മുള സദ്യയുണ്ട് ക്ഷേത്ര ദർശനം നടത്താൻ അവസരമൊരുക്കി കണ്ണൂർ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സംഘവുമായും സഹകരിച്ചാണ് ‘മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർഥാടനയാത്ര’ സംഘടിപ്പിക്കുന്നത്.
തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നീ പാണ്ഡവ ക്ഷേത്രങ്ങൾ, മുതുകുളം പാണ്ഡവർ കാവ് ദേവി ക്ഷേത്രം, കവിയൂർ തൃക്കാക്കുടി ഗുഹാ ക്ഷേത്രം എന്നിവ സന്ദർശിക്കും. ആറന്മുള വള്ളസദ്യയിൽ പങ്കെടുക്കാനും അവസരമൊരുക്കും.
28ന് രാവിലെ 5.30ന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് വൈക്കം ക്ഷേത്രം, കടുത്തുരുത്തി ക്ഷേത്രം, ഏറ്റുമാനൂർ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി അന്ന് രാത്രി ചെങ്ങന്നൂരിൽ ഹോട്ടലിൽ താമസിക്കും. രണ്ടാം ദിവസം പഞ്ച പാണ്ഡവ ക്ഷേത്ര ദർശനവും വള്ളസദ്യയിലും പങ്കെടുത്ത് വൈകിട്ട് കണ്ണൂരിലേക്ക് തിരിക്കും.