കെഎസ്ആര്‍ടിസി ബസുകള്‍ വൃത്തിയാക്കുന്ന ജീവനക്കാർക്കുള്ള വേതനം കൂട്ടി
കെഎസ്ആര്‍ടിസി ബസുകള്‍ വൃത്തിയാക്കുന്ന ജീവനക്കാർക്കുള്ള വേതനം കൂട്ടി. ഫെബ്രുവരി ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. ഒരു ഡ്യൂട്ടിക്കിടയില്‍ ഒരാള്‍ കഴുകേണ്ടുന്ന പരമാവധി ബസുകളുടെ എണ്ണം 15 തന്നെയാണ്. കൃത്യമായ ഇടവേളകളില്‍ കഴുകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചെക്ക് ലിസ്റ്റ് പരിഗണനയിലാണെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.ബസ് വൃത്തിയാക്കുന്നതിന് വേതനം കൂട്ടിയതോടെ ഇടവേളകളും കൂട്ടിയിട്ടുണ്ടെന്ന് ജീവനക്കാർ പറഞ്ഞു. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ തുടങ്ങിയ ബസുകൾ ദിവസവും കഴുകിയിരുന്നത് ഇപ്പോള്‍ രണ്ടുദിവസത്തിലൊരിക്കല്‍ മതിയെന്നാണ് നിര്‍ദേശമെന്നാണ് ജീവനക്കാർ പറഞ്ഞത്. അതോടൊപ്പം ഈ ബസുകള്‍ ആഴ്ചയിലൊരിക്കല്‍ കഴുകി ബ്രഷ് ചെയ്ത് തുടച്ചിരുന്നത്, ഇപ്പോള്‍ മാസത്തിലൊരിക്കല്‍ മതിയെന്നാണ് നിർദേശിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.