ഒന്നാം തീയതിയ്ക്ക് മുന്നേ കെ എസ് ആര് ടി സി ജീവനക്കാര്‍ക്ക് ശമ്ബളം അക്കൗണ്ടില്‍ എത്തി, ഫെസ്റ്റിവല്‍ അലവന്‍സും ഓണം അലവന്‍സും ഇന്നു മുതൽ
കെഎസ്ആർടിസിയില്‍ മന്ത്രി കെ.ബി. ഗണേഷ്കുമാർ പ്രഖ്യാപിച്ച 7000 രൂപ ബോണസ് തിങ്കളാഴ്ച വിതരണംചെയ്യും.ഓഗസ്റ്റിലെ ശമ്ബളം ഞായറാഴ്ച രാത്രിയോടെ നല്കി. ബോണസിനോടൊപ്പം ഉത്സവബത്തയും തിങ്കളാഴ്ച വിതരണംചെയ്യുമെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍, ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷമുണ്ടായ ബോണസ് പ്രഖ്യാപനം ഭൂരിഭാഗം ജീവനക്കാർക്കും പ്രയോജനപ്പെടില്ല.
ഒന്നാം പിണറായിസർക്കാരിന്റെ ആരംഭകാലത്തിനുശേഷം ഇപ്പോഴാണ് കെഎസ്ആർടിസിയില്‍ ബോണസ് നല്‍കുന്നത്. നിലവിലെ നിബന്ധനപ്രകാരം 24,000 വരെ രൂപ ശമ്ബളംവാങ്ങുന്നവർക്കാണ് ബോണസിന് അർഹത. സ്ഥിരം ജീവനക്കാരെല്ലാം 35,000-ത്തിനുമേല്‍ ശമ്ബളംവാങ്ങുന്നവരാണ്. ഒൻപതുവർഷമായി പുതിയനിയമനം നടക്കാത്തതിനാല്‍ എൻട്രി കേഡർ തസ്തികയില്‍ പുതിയജീവനക്കാരില്ല. ദീർഘകാല അവധിക്കുശേഷം അടുത്തിടെ ജോലിയില്‍ പ്രവേശിച്ചവരായിരിക്കും ബോണസ് പരിധിക്കുള്ളില്‍ വരാനിടയുള്ളത്. ആശ്രിതനിയമനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കരാർവ്യവസ്ഥയിലാണ്. എത്രപേർക്ക് ബോണസ് ലഭിക്കുമെന്നത് മാനേജ്മെന്റ് വ്യക്തമാക്കിയിട്ടില്ല.
