കെഎസ്‌ആര്‍ടിസി വക ഗാനമേളയും; പുതിയ പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാര്‍
കെഎസ്‌ആർടിസിയില്‍ സ്വന്തമായി പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പ് ആരംഭിക്കാൻ നീക്കം. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരമാണ് കെഎസ്‌ആർടിസി ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നത്.ട്രൂപ്പില്‍ അംഗമാകാൻ കെഎസ്‌ആർടിസി ജീവനക്കാർക്കും കുടുംബാംഗങ്ങള്‍ക്കും അവസരം ലഭിക്കും. പാട്ടിലും സംഗീത ഉപകരണങ്ങളിലും പ്രാവീണ്യമുള്ളവർക്ക് അംഗമാകാൻ അപേക്ഷ സമർപ്പിക്കാം. സെപ്തംബർ 29നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
താല്‍പര്യമുള്ളവർക്ക് പ്രകടനങ്ങളുടെ വീഡിയോ അയയ്ക്കാം. മൂന്ന് മിനിറ്റില്‍ കുറയാത്തതും അഞ്ചു മിനിട്ടില്‍ കൂടുതല്‍ ദെെർഘ്യമില്ലാത്തതുമായ വീഡിയോയാണ് വേണ്ടത്. വീഡിയോയുടെ തുടക്കത്തില്‍ പേര്, തസ്തിക, കുടുംബാംഗമാണെങ്കില്‍ ജീവനക്കാരൻ/ ജീവനക്കാരിയുമായുള്ള ബന്ധം, ജോലി ചെയ്യുന്ന യൂണിറ്റ്, മൊബെെല്‍ നമ്ബർ എന്നിവ ഉള്‍പ്പെടുത്തി സ്വയം പരിയപ്പെടുത്തണം.
വീഡിയോയില്‍ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് അഭിരുചി തെളിയിക്കാൻ അവസരം നല്‍കും. ഇവരില്‍ നിന്നാകും ട്രൂപ്പ് രൂപവത്കരിക്കുക. പ്രാവീണ്യം തെളിയിച്ച സർട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ അതും സമർപ്പിക്കണം.എൻട്രികള്‍ യൂണിറ്റ് ഓഫീസർ മുഖേനയാണ് ചീഫ് ഓഫീസിലേക്ക് നല്‍കേണ്ടത്. ksrtcexpo@gmail.com എന്ന ഇമെയിലിലും 9497001474 എന്ന വാട്സാപ്പ് നമ്ബറിലും നല്‍കാവുന്നതാണ്. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന എൻട്രികള്‍ പരിഗണിക്കില്ലെന്നും കെഎസ്‌ആർടിസി അറിയിച്ചു.
കെഎസ്‌ആർടിസി സംഘടിപ്പിക്കുന്ന ബഡ്ജറ്റ് ടൂറിസം യാത്രകളില്‍ പങ്കാളികളായ ചില ജീവനക്കാർ പാടിയത് സോഷ്യല്‍ മീഡിയയില്‍ വലിയരീതിയില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് ഗാനമേള ട്രൂപ്പ് രൂപവത്കരിക്കുന്നത് പരിഗണിച്ചത്
