Latestകേരളം

കെഎസ്‌ആര്‍ടിസി ബസ് ബൈക്കിലിടിച്ചു, യുവാവ് മരിച്ചു

സുഹൃത്തിനെ റെയില്‍വെ സ്റ്റേഷനിലെത്തിച്ച്‌ മടങ്ങവെ കെ എസ് ആർ ടി സി സൂപ്പർ എക്‌സ്പ്രസ് ബസ് ബൈക്കിലിടിച്ചു.യുവാവിന് ദാരുണാന്ത്യം. തൃശ്ശൂർ ചൂലിശ്ശേരി ചീനിക്കല്‍ വീട്ടില്‍ ജയചന്ദ്രന്റെ മകൻ അർജുൻ(19) ആണ് മരിച്ചത്.

തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനില്‍ ശനിയാഴ്ച പുലർച്ചെ 4.15ഓടെയായിരുന്നു അപകടം. പത്തനംതിട്ടയിലേക്ക് പോയ കെ എസ് ആർ ടി സി സൂപ്പർ എക്‌സ്പ്രസ് ബസാണ് അർജുൻ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചത്.

അപകട സമയത്ത് ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുഹൃത്തിനെ റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ച്‌ മടങ്ങി വരും വഴിയാണ് അപകടമുണ്ടായത്. അപകട സമയത്ത് അർജുന് പിന്നാലെ മറ്റൊരു ബൈക്കില്‍ വേറൊരു സുഹൃത്തുമുണ്ടായിരുന്നു.

അർജുനെ അധികം വൈകാതെ വടക്കേക്കോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. നില അതീവ ഗുരുതരമായതിനാല്‍ പിന്നീട് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല. പനങ്ങാട് ഫിഷറീസ് കോളേജിലെ (കുഫോസ്) ബി.ടെക് ഫുഡ് ടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു അർജുൻ. അമ്മ: സംഗീത, സഹോദരി: അഞ്ജന