കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; സമരം ശക്തമാക്കാൻ ടിഡിഎഫ്

കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ടി.ഡി.എഫ്. ശമ്പളം നൽകുന്നത് വരെ സമരം തുടരുമെന്ന് ടി.ഡി.എഫ് അറിയിച്ചു. തിങ്കളാഴ്ച മുതൽ ചീഫ് ഓഫീസിൽ പ്രവേശിക്കാൻ ആരെയും അനുവദിക്കില്ലെന്നും സംഘടന അറിയിച്ചു.

മാനേജ്മെന്റിന്റെ അശാസ്ത്രീയവും ഏകപക്ഷീയവുമായ ഡ്യൂട്ടി പരിഷ്കരണം അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടിഡിഎഫ് ട്രാൻസ്പോർട്ട് ഭവന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. 19 ദിവസമായി സമരം തുടരുകയാണ്.

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പള വിതരണം ആരംഭിച്ചെങ്കിലും യൂണിയനുകൾ പ്രതിഷേധത്തിലാണ്. ദിവസങ്ങളായി പ്രതിപക്ഷ സംഘടനകൾ പ്രതിഷേധത്തിലാണ്. സെക്രട്ടേറിയറ്റിന് മുന്നിലും കെ.എസ്.ആർ.ടി.സി ആസ്ഥാനത്തും ധർണയും റിലേ സത്യാഗ്രഹവും നടക്കുന്നുണ്ട്. ബസ് സർവീസുകൾ നിർത്താതെയാണ് പ്രതിഷേധം. എന്നാൽ പ്രശ്നം പരിഹരിക്കാൻ മാനേജ്മെന്റും സർക്കാരും ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം.