Latestകേരളം

യാത്ര‌യ്ക്കിടെ അപസ്‌മാരം വന്ന പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്‌ആര്‍ടിസി

യാത്രക്കിടെ അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്‌ആർടിസി.തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുകയായിരുന്ന കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.

ദേശീയ പാതയില്‍ കുണ്ടന്നൂരിന് സമീപം ബസ് എത്തിയപ്പോളാണ് തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് പോകുന്നതിന് ബസില്‍ കയറിയ ദമ്പതികളുടെ പത്ത് മാസം പ്രായമായ കുഞ്ഞിന് അപസ്മാരമുണ്ടായത്. ഉടനെ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെത്തിച്ച്‌ കെഎസ്‌ആർടിസി ജീവനക്കാർ ചികിത്സ ഉറപ്പാക്കി.

പനി ശക്തമായതോടെയാണ് കുഞ്ഞിന് അപസ്മാരമുണ്ടായത്. കുഞ്ഞിന്‍റെ അവസ്ഥ കണ്ട് മാതാപിതാക്കളും വെപ്രാളത്തിലായതോടെ ബസിലുള്ളവരും പരിഭ്രമത്തിലായി. കൂട്ടക്കരച്ചിലിലേക്ക് കാര്യങ്ങളെത്തിയതോടെയാണ് ബസ് ഡ്രൈവർ പ്രേമനും, കണ്ടക്ടർ സുനിലും സമയോചിത ഇടപെടല്‍ നടത്തിയത്.

കെഎസ്‌ആർടിസി ആശുപത്രി പരിസരത്തേക്ക് കടന്നുവരുന്നത് കണ്ടതോടെ ജീവനക്കാർ ഓടിയെത്തി. ഡോക്ടർമാർ ഉള്‍പ്പെടെ ആരോഗ്യപ്രവർത്തകരുടെ സംഘം ഉടൻ ആവശ്യമായ പരിചരണം നല്‍കി കുഞ്ഞിന്‍റെ സുരക്ഷ ഉറപ്പാക്കി. നിലവില്‍ തുടർചികിത്സക്കായി കുഞ്ഞിനെ ആശുപത്രിയില്‍ പീഡിയാട്രിക് വിഭാഗത്തിന് കീഴില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

ബസില്‍ വെച്ച്‌ വലിയ തോതില്‍ കുഞ്ഞ് കരഞ്ഞെന്നും അപസ്മാരം വന്ന് ചുണ്ട് ഒരുഭാഗത്തേക്ക് വലിഞ്ഞുനില്‍ക്കുന്നത് പോലുള്ള സ്ഥിതിയുണ്ടായിയെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു.

അതുകണ്ട് തങ്ങള്‍ ഭയപ്പെട്ടതോടെ ബസിലുണ്ടായിരുന്നവർ ഉടൻ ഒരു താക്കോല്‍ കുഞ്ഞിന്‍റെ കൈയില്‍ പിടിപ്പിച്ചു. ഉടനെ തന്നെ ബസുകാർ ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.