പൊതുവിതരണ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് കെ-സ്റ്റോറുകൾ ഈ മാസം 14ന് തുറക്കും
.തിരുവനന്തപുരം : പൊതുവിതരണ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് കെ-സ്റ്റോറുകൾ ഈ മാസം 14ന് തുറക്കും. ഇടത് സർക്കാറിന്റെ അഭിമാന പദ്ധതി തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിന് സമർപ്പിക്കുക. റേഷൻകടകളെന്ന സങ്കൽപത്തെ പൊളിച്ചെഴുതിയാണ് കേരള സ്റ്റോർ എന്ന കെ-സ്റ്റോറിന്റെ പിറവി. അരി, ഗോതമ്പ്, മണ്ണെണ്ണ എന്നിവക്കു പുറമെ, മാവേലി, മിൽമ ഉൽപന്നങ്ങളും ഇ-സേവനങ്ങളും മിനി എ.ടി.എമ്മും ഉൾപ്പെടുന്ന സ്മാർട്ട് ഷോപ്പിങ് സെന്ററുകളായി റേഷൻകടകൾ ഉയരും.
ആദ്യഘട്ടത്തിൽ 73 കടകളാണ് കെ-സ്റ്റോറുകളാകുന്നത്.മാവേലി സ്റ്റോറുകള്‍ വഴി നിലവില്‍ നല്‍കിവരുന്ന 13 ഇന സബ്സിഡി സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ശബരി ബ്രാൻഡഡ് ഉൽപന്നങ്ങളും കെ-സ്റ്റോറിലൂടെ ലഭിക്കുമെന്നാണ് സർക്കാർ വാഗ്ദാനം. കാര്‍ഡ് ഉടമകള്‍ക്ക് ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ റേഷന്‍ കടകളില്‍നിന്ന് പണം പിന്‍വലിക്കാം.
ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ഇത് വലിയ ഉപകാരമാകുമെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. ബാങ്കുമായി ബന്ധിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡ് വഴി സ്വന്തം അക്കൗണ്ടില്‍ നിന്നാണ് കാര്‍ഡ് ഉടമകള്‍ക്ക് എ.ടി.എം മാതൃകയില്‍ പണം പിന്‍വലിക്കാനാകുക. സ്മാർട്ട് റേഷൻ കാർഡുകൾ വഴി പരമാവധി എടുക്കാവുന്ന തുക 5000 രൂപയാണ്. ഇടപാട് പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ റേഷന്‍ കടയില്‍നിന്ന് നേരിട്ട് പണം കൈപ്പറ്റാം.
.ഈ പണം അതത് ബാങ്കുകള്‍ റേഷന്‍ കട ലൈസന്‍സിയുടെ അക്കൗണ്ടിലേക്ക് കൈമാറും. മില്‍മ ഉൽപന്നങ്ങളും അഞ്ച് കിലോ വരുന്ന ചോട്ടു ഗ്യാസ് സിലിണ്ടറും വാങ്ങാം. വെള്ളം, വൈദ്യുതി തുടങ്ങിയ ബില്ലുകള്‍ അടയ്ക്കാനും വിവിധ സര്‍ക്കാര്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സൗകര്യവും കെ-സ്റ്റോറിലുണ്ടാകും. ബാങ്ക് ഓഫ് ബറോഡയാണ് ഇതു സംബന്ധിച്ച് സർക്കാറുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.
രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ബാങ്കുകള്‍, അക്ഷയകേന്ദ്രം, മാവേലി സ്റ്റോര്‍ എന്നിവയില്ലാത്ത ഗ്രാമപ്രദേശങ്ങളിലാണ് തുടക്കത്തില്‍ പദ്ധതി നടപ്പാക്കുന്നത്.ഘട്ടംഘട്ടമായി സംസ്ഥാനത്തെ 14000ത്തോളം റേഷന്‍ കടകളും സ്മാര്‍ട്ടാക്കും. 300 ചതുരശ്ര അടിയുള്ള റേഷന്‍ കടകളെയാണ് കെ-സ്റ്റോറിനായി പരിഗണിക്കുക.സംസ്ഥാനത്ത് ആകെയുള്ള റേഷന്‍ കടകളില്‍ മതിയായ സ്ഥലവും സൗകര്യങ്ങളുമുള്ള 837 റേഷന്‍ കടകള്‍ കെ-സ്റ്റോറിലേക്ക് മാറാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്