സാമ്പത്തിക വിദഗ്ദ്ധനും ദളിത് ചിന്തകനുമായ ഡോ എം കുഞ്ഞാമൻ മരിച്ച നിലയിൽ

പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും ദളിത് ചിന്തകനുമായ ഡോ. എം. കുഞ്ഞാമൻ അന്തരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.കാലിക്കട്ട് സർവകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ഒന്നാം റാങ്ക് നേടിയാണ് കുഞ്ഞാമൻ എം.എ.പാസ്സായത്. കെ.ആർ.നാരായണനുശേഷം ഒന്നാം റാങ്ക് നേടിയ ആദ്യ ദളിത് വിദ്യാർത്ഥി. 27 വർഷം കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിലെ അദ്ധ്യാപകൻ. മഹാരാഷ്ട്രയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസിൽ പ്രൊഫസർ, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ മുഴുവൻ നിയന്ത്രിക്കുന്ന യു.ജി.സിയുടെ ഉന്നതാധികാര സമിതിയിൽ അംഗവുമായിരുന്നു കുഞ്ഞാമൻ.കേരള സാഹിത്യ അക്കാഡമിയുടെ ആത്മകഥയ്ക്കുള്ള കഴിഞ്ഞ വർഷത്തെ അവാർഡ് ഡോ.എം. കുഞ്ഞാമനും (എതിര്) ഡോ.ടി.ജെ.ജോസഫിനും (അറ്റുപോകാത്ത ഓർമ്മകൾ) ആയിരുന്നു. എന്നാൽ ഡോ.കുഞ്ഞാമൻ അവാർഡ് നിരസിച്ചു. ‘അക്കാഡമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ താൻ ഇത്തരം ബഹുമതികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഈ അവാർഡ് നന്ദിപൂർവം നിരസിക്കുകയാണെന്നായിരുന്നു കുഞ്ഞാമന്റെ പ്രതികരണം.ഒരു മനുഷ്യൻ താൻ ജനിച്ച ജാതിയുടെ പേരിൽ എത്രമാത്രം ക്രൂരമായി അവഗണിക്കപ്പെട്ടു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡോ.കുഞ്ഞാമന്റെ ജീവിതം. എത്ര ചവിട്ടിത്താഴ്ത്തിയിട്ടും ബുദ്ധിശക്തിയാൽ കുഞ്ഞാമൻ ഉയിർത്തെഴുന്നേറ്റു. എല്ലാവരും അംഗീകരിക്കാൻ നിർബന്ധിതരാകുന്ന അക്കാഡമിക് ബ്രില്യൻസ് പ്രകടമാക്കി. ഇ.എം.എസിനും വി.എസിനുമൊക്കെ കുഞ്ഞാമനെ വലിയ ഇഷ്ടമായിരുന്നു.എ.കെ.ജി സെന്ററിലെ അന്നത്തെ ചർച്ചകളിലൊക്കെ പങ്കെടുക്കുകയും ഇ.എം.എസിന്റെ മുന്നിൽ വച്ചുതന്നെ പാർട്ടി നയങ്ങളെ വിമർശിക്കുകയും ചെയ്യുമായിരുന്നു. ഒരുപ്രാവശ്യം ചർച്ചയിൽ കുഞ്ഞാമൻ പങ്കെടുത്തില്ല. ഉച്ചയ്ക്ക് ഊണിന് പിരിഞ്ഞപ്പോൾ മാറിനിന്നു. ഇ.എം.എസും വി.എസും അരികെ ചെന്നു. എന്താണ് ചർച്ചയിൽ പങ്കെടുക്കാതിരുന്നതെന്ന് ഇ.എം.എസ്.ചോദിച്ചു..” ഞാൻ സഖാവിന്റെ പാർട്ടിയെ വിമർശിക്കുന്നയാളാണ്. സഖാവിനെയും വിമർശിക്കും.”എന്നായിരുന്നു മറുപടി. പദവികൾ പലതും നിലപാടുകൾക്കുവേണ്ടി ഉപേക്ഷിച്ചയാളാണ് ഡോ.കുഞ്ഞാമൻ. മായാവതിയുടെ പാർട്ടി വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങളിൽ രാജ്യസഭാ അംഗത്വം വരെയുണ്ടായിരുന്നു