കുന്നത്തൂർപാടി ഉത്സവം നാളെ മുതൽ

     

കണ്ണൂർ: മുത്തപ്പന്റെ ആരൂഢസ്ഥാനമായ കുന്നത്തൂർപാടി ദേവസ്ഥാനത്തെ തിരുവപ്പന മഹോത്സവത്തിന് നാളെ തുടക്കമാവും.

2025 ജനുവരി 16 വരെയാണ് ഉത്സവം. കേരളത്തില്‍ കാട്ടിലെ മലമുകളില്‍ നടക്കുന്ന അപൂർവം ചില ഉത്സവങ്ങളില്‍ ഒന്നാണിത്. കഴിഞ്ഞ വർഷത്തെ തിരുവപ്പന ഉത്സവത്തിന് ശേഷം ആള്‍പ്രവേശനമില്ലാതിരുന്ന പാടിയില്‍ പുല്ലും, ഈറ്റയും, ഓലയും ഉപയോഗിച്ചു താല്‍ക്കാലിക മടപ്പുര നിർമ്മിച്ചിട്ടുണ്ട്. പാടിയില്‍ പണി എന്ന പേരിലറിയപ്പെടുന്ന ചടങ്ങാണിത്. അടിയന്തിരക്കാർ, ചന്തൻ, കരക്കാട്ടിടം വാണവർ എന്നിവർക്കുള്ള സ്ഥാനിക പന്തലുകളും ഒരുക്കിക്കഴിഞ്ഞു.

മുത്തപ്പൻ വെള്ളാട്ടവും തിരുവപ്പനയും മൂലം പെറ്റഭഗവതിയും പുറങ്കാല മുത്തപ്പനും പുതിയ മുത്തപ്പനും നാടുവാഴി മുത്തപ്പനും ഒക്കെയാണ് കുന്നത്തൂർ പാടിയില്‍ കെട്ടിയാടുന്ന തെയ്യങ്ങള്‍ ധനു രണ്ടു മുതല്‍ മകരം രണ്ടു വരെയാണ് ഉത്സവം

നാളെ രാവിലെ മുതല്‍ താഴെ പൊടിക്കളത്ത് മടപ്പുരയില്‍ തന്ത്രി പേർക്കിത്തില്ലത്ത് സുബ്രഹ്മണ്യൻ ന നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തില്‍ ഗണപതിഹോമം, ശുദ്ധി വാസ്തുബലി, ഭഗവതിസേവ ചടങ്ങുകള്‍ നടക്കും. കോമരം ഉറഞ്ഞുതുള്ളി പൈങ്കുറ്റി വെച്ചശേഷം അഞ്ചില്ലം അടിയാന്മാർ ഇരുവശത്തും ചൂട്ടുപിടിച്ച്‌ കളിക്കപ്പാട്ടോടുകൂടി പാടിയില്‍ പ്രവേശിക്കും.

വാണവർ, അടിയന്തിരക്കാർ എന്നിവരെല്ലാം പാടിയില്‍ പ്രവേശിക്കുന്നത് ഈ സമയത്താണ്. തിരുവാഭരണപ്പെട്ടിയും ഭണ്ഡാരവും പാടിയിലേക്ക് കൊണ്ടുപോകുന്നതും ഇതോടൊപ്പമാണ്. പാടിയില്‍ പ്രവേശിച്ചശേഷം തന്ത്രിയുടെ കാർമികത്വത്തില്‍ ശുദ്ധി, 25 കലശ പൂജ എന്നിവ നടക്കും. തുടർന്ന് അടിയന്തിരം തുടങ്ങാൻ തന്ത്രി അനുവാദം നല്‍കും.

വാണവരുടെ കങ്കാണിയറയില്‍ വിളക്ക് തെളിയുന്നതോടെ അടിയന്തരം തുടങ്ങും. 17ന് രാത്രി മുത്തപ്പന്റെ ജീവിതത്തിലെ നാലു ഘട്ട ങ്ങളായ ബാല്യം, കൗമാരം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം എന്നിവയെ പ്രതിനിധീകരിച്ചു പുതിയ മുത്തപ്പൻ , പുറംകാല മുത്തപ്പൻ , നാടുവാഴിശ്ശൻ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടും. മറ്റു ദിവസങ്ങളില്‍ വൈകിട്ട് ഊട്ടും വെള്ളാട്ടം, രാത്രി തിരുവപ്പന, പുലർച്ചെ വെള്ളാട്ടം എന്നിവയുണ്ടാകും. ഒന്നിടവിട്ട ദിവസങ്ങളില്‍ മൂലം പെറ്റ ഭഗവതിയും ഉണ്ടായിരിക്കും.

ഭക്തർക്ക് 24 മണിക്കൂറും പാടിയില്‍ പ്രവേശിക്കാം. ഉച്ചയ്‌ക്കും രാത്രിയും അന്നദാനം ഉണ്ട്. പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യ ദിവസം തന്നെ തിരുവപ്പന തുടങ്ങി പള്ളിവേട്ടക്ക് ശേഷം കരക്കാട്ടിടം പാണ്ഡവരുമായി സംസാരിച്ചതിനു പുതിയ ചന്തൻ സ്ഥാനമേല്‍ക്കും. പുല്ലായിക്കൊടി നാരായണനാണ് പുതിയ ചന്തനായി ചുമതലയേല്‍ക്കുക.

മുത്തപ്പന്റെ ആരൂഢമാണ് കുന്നത്തൂർപാടി. ആദി മടപ്പുര എന്നാണ് പറയുക. കണ്ണൂർ ജില്ലയില്‍ സഹ്യപർവ്വതത്തിലെ ഉടുമ്പമലയില്‍ കടല്‍നിരപ്പില്‍ നിന്ന് 3000 അടി ഉയരത്തിലായാണ്‌‍ കുന്നത്തൂർപാടി. പ്രകൃതിദത്തമായ അന്തരീക്ഷത്തില്‍ കാടിന്റെ ഉള്ളിലാണ് ഈ കാവ്.
വാർത്താസമ്മേളനത്തില്‍ ട്രസ്റ്റി എസ് കെ കുഞ്ഞിരാമൻ നായനാർ, എസ് കെ സുധാകരൻ, പി കെ മധു എന്നിവർ പങ്കെടുത്തു.