വധശിക്ഷകള്‍ ഒഴിവാക്കിയാൽ കുവൈറ്റിന് യൂറോപ്പിലേക്ക് വിസ രഹിത യാത്രയ്ക്ക് അനുമതി

കുവൈറ്റ്: ഖത്തർ, ഒമാൻ, ഇക്വഡോർ എന്നിവിടങ്ങളിലെ പോലെ വധശിക്ഷ നിർത്തിവച്ചാൽ കുവൈറ്റ് പൗരൻമാർക്ക് 90 ദിവസം വരെ വിസ രഹിതമായി യാത്ര ചെയ്യാൻ അനുമതി നൽകുമെന്ന് യൂറോപ്യൻ പാർലമെന്‍റ് അറിയിച്ചു. കുവൈറ്റ്, ഖത്തർ, ഒമാൻ, ഇക്വഡോർ എന്നീ രാജ്യങ്ങളിലെ പൗരൻമാർക്ക് 90 ദിവസത്തേക്ക് വിസ രഹിത യാത്ര അനുവദിക്കാനുള്ള നിർദ്ദേശത്തിന്‍റെ കരട് യൂറോപ്യൻ പാർലമെന്‍റിന്‍റെ സിവിൽ ലിബർട്ടീസ് കമ്മിറ്റി അംഗീകരിച്ചു.

വ്യാഴാഴ്ചത്തെ വോട്ടെടുപ്പിൽ സിവിൽ ലിബർട്ടീസ് കമ്മിറ്റിയിലെ 42 അംഗങ്ങൾ പിന്തുണച്ചപ്പോൾ 16 പേർ എതിർത്ത് വോട്ട് രേഖപ്പെടുത്തി. കുവൈറ്റിന്‍റെ കാര്യത്തിൽ വധശിക്ഷ നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്ന വ്യവസ്ഥയിൽ വിസ രഹിത യാത്ര അനുവദിക്കുന്നതിനെ അനുകൂലിക്കുമെന്ന് യൂറോപ്യൻ പാർലമെന്‍റ് അംഗങ്ങൾ പറഞ്ഞു.

വിസയില്ലാതെ യാത്ര അനുവദിക്കുന്ന തീരുമാനം എടുക്കുന്നതിന് മുന്നോടിയായി ഉഭയകക്ഷി ചർച്ചകളിലൂടെ വധ ശിക്ഷകള്‍ നടപ്പാക്കുന്നത് നിര്‍ത്തിവെച്ചുകൊണ്ടുള്ള തീരുമാനം പ്രാബല്യത്തിൽ വരികയും വേണം. കുവൈറ്റ്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ, മൗലികാവകാശ ലംഘനങ്ങൾ, സ്വാതന്ത്ര്യ ലംഘനങ്ങൾ എന്നിവയെക്കുറിച്ച് ഗുരുതരമായ ആശങ്കകളുണ്ട്. അഞ്ച് വര്‍ഷത്തിന് ശേഷം ഈ നവംബറില്‍ കുവൈത്തില്‍ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കിയതാണ് യൂറോപ്യന്‍ യൂണിയനെ പ്രകോപിപ്പിച്ചത്.