Latestദേശീയം

ഒരു ലിറ്റര്‍ പാല്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ കലക്കി കുട്ടികള്‍ക്ക് കൊടുത്തു; യുപിയിലെ സ്‌കൂളില്‍ പ്രധാനാധ്യാപികക്ക് സസ്‌പെൻഷൻ

ലഖ്‌നൗ: ഒരു ലിറ്റർ പാല്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ കലക്കി വിദ്യാർഥികള്‍ക്ക് വിതരണം ചെയ്ത സംഭവത്തില്‍ പ്രധാനാധ്യാപികക്ക് സസ്‌പെൻഷൻ.ഉത്തർപ്രദേശിലെ മഹോബയിലുള്ള സർക്കാർ പ്രൈമറി സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യാനുള്ള പാലാണ് വെള്ളത്തില്‍ കലക്കിയത്.

വീഡിയോ വൈറലായതോടെയാണ് ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള പ്രധാനാധ്യാപിക മോണിക്ക സോണിയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തത്. സ്‌കൂളിലെ പാചകക്കാരി അരലിറ്റർ പാലിന്റെ രണ്ട് പാക്കറ്റുകള്‍ പൊട്ടിച്ച്‌ ഒരു ബക്കറ്റ് വെള്ളത്തില്‍ കലർത്തുന്നതാണ് വീഡിയോയിലുള്ളത്.

”ബുധനാഴ്ചയാണ് സംഭവം നടന്നത്. വെള്ളം കലർത്തിയ പാലാണ് വിദ്യാർഥികള്‍ക്ക് വിതരണം ചെയ്തതെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക നടപടിയുടെ ഭാഗമായി പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ. ക്രമക്കേട് കണ്ടെത്തിയാല്‍ കടുത്ത നടപടികളുണ്ടാവും”- മഹോബയിലെ ബേസിക് ശിക്ഷാ അധികാരി രാഹുല്‍ മിശ്ര പറഞ്ഞു.

ഉത്തർപ്രദേശില്‍ നേരത്തെ ഉച്ചഭക്ഷണ പദ്ധതിയില്‍ ക്രമക്കേട് നടന്ന വിവിധ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2021 ഒക്ടോബറില്‍ മീററ്റിലെ സർക്കാർ സ്‌കൂളില്‍ രണ്ട് ലിറ്റർ പാല്‍ അഞ്ച് ലിറ്റർ വെള്ളത്തില്‍ കലർത്തിയത് വാർത്തയായിരുന്നു. 2019 സോൻഭദ്രയിലെ സർക്കാർ സ്‌കൂളില്‍ ഒരു ലിറ്റർ പാല്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ കലർത്തിയാണ് 81 വിദ്യാർഥികള്‍ക്ക് വിതരണം ചെയ്തത്. 2019 ആഗസ്റ്റില്‍ മിർസാപൂരിലെ പ്രൈമറി സ്‌കൂളില്‍ വിദ്യാർഥികള്‍ക്ക് ഉച്ചക്ക് കഴിക്കാൻ റൊട്ടിയും ഉപ്പും വിതരണം ചെയ്തത് വലിയ വാർത്തയായിരുന്നു.

കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനാണ് സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി ഏർപ്പെടുത്തിയത്. പിഎം പോഷണ്‍ എന്നാണ് പദ്ധതിയുടെ പുതിയ പേര്.