Latestദേശീയം

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം; വനിത കോണ്‍സ്റ്റബിള്‍ കുറ്റവാളിയോടൊപ്പം ഒളിച്ചോടി‌

ലക്നോ: സഹപ്രവർത്തകനുമായുള്ള വിവാഹത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കുറ്റവാളിയോടൊപ്പം ഒളിച്ചോടി വനിതാ പോലീസ് കോണ്‍സ്റ്റബിള്‍.അലിഗഡിലെ സൈബർ പോലീസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായി ജോലി ചെയ്യുന്ന സന്ധ്യ ഭരദ്വാജാണ് നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്.

വിവാഹത്തിന് തലേദിവസമാണ് 25കാരിയായ സന്ധ്യയെ കാണാതായത്. മീററ്റിലെ ബഹ്സുമ മേഖലയിലെ അക്ബർപൂർ സാദത്ത് ഗ്രാമവാസിയാണ് സന്ധ്യ.

മകളെ കാണാതായതോടെ സന്ധ്യയുടെ പിതാവ് സുഭാഷ് ശർമ പോലീസിനെ സമീപിച്ചു. കവർച്ച, കൊലപാതകം എന്നിവയുള്‍പ്പെടെ ഒമ്പത് ക്രിമിനല്‍ കേസുകള്‍ നേരിടുന്ന അങ്കിത് ചൗഹാനെ (28)തിരെ സുഭാഷ് ശർമ പരാതി നല്‍കി.

മുസാഫർനഗർ സ്വദേശിയും കോണ്‍സ്റ്റബിളുമായ അതുല്‍ ശർമയുമായുള്ള വിവാഹത്തിന് സന്ധ്യ 20 ദിവസത്തെ അവധിയെടുത്തിരുന്നുവെന്നും പിതാവ് പറഞ്ഞു.

‘ഫെബ്രുവരി അഞ്ചിന്, സന്ധ്യയെ വിവാഹം കഴിച്ചാല്‍ കൊല്ലുമെന്ന് ചൗഹാൻ ഫോണിലൂടെ അതുല്‍ ശർമയെ ഭീഷണിപ്പെടുത്തി. ശനിയാഴ്ച രാത്രി അയാള്‍ അവളെ തട്ടിക്കൊണ്ടുപോയി.’- ശർമ പരാതിയില്‍ ആരോപിച്ചു. ചൗഹാനെതിരെ ബിഎൻഎസ് സെക്ഷൻ 87 (തട്ടിക്കൊണ്ടുപോകല്‍), 351(2) (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.

എന്നാല്‍ സന്ധ്യ പോലീസിന് നല്‍കിയ മോഴിയുടെ അടിസ്ഥാനത്തില്‍ കുറച്ച്‌ വർഷങ്ങളായി ഇരുവരും പരിചയകാരായിരുന്നു എന്നും സ്വന്തം ഇഷ്ടപ്രകാരമാണ് അങ്കിതിനൊപ്പം പോയതെന്നും കണ്ടെത്തി.ഇരുവരെയും ഉടൻ തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.