ദുരഭിമാനക്കൊല; 19കാരിയെ പിതാവും സഹോദരനും ചേര്‍ന്ന് കെട്ടിയിട്ട് ഷോക്കേല്‍പ്പിച്ച് കൊന്നു
ലഖ്നൗ: ഉത്തർപ്രദേശില്‍ ദുരഭിമാനക്കൊല. അകന്ന ബന്ധുവായ യുവാവിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് 19കാരിയെ പിതാവും സഹോദരനും ചേർന്ന് ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തി.
ഗോണ്ട ജില്ലയിലെ തോർഹാൻസ് ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ചന്ദ്രപ്രകാശിനെയും സഹോദരൻ രാഹുലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആണ്‍സുഹൃത്തായ പരമേശ്വർ പഥക് നല്‍കിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പരമേശ്വർ പഥകുമായി രണ്ട് വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു പെണ്‍കുട്ടി. ഇയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചെങ്കിലും ഇവർ എതിർത്തു. എന്നാല്‍ പെണ്‍കുട്ടി തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതോടെ മകളെ കൊലപ്പെടുത്താൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച വീട്ടില്‍ നിന്ന് പുറത്തേക്ക് പോകാനിറങ്ങിയ പെണ്‍കുട്ടിയെ ഇവർ മുറിയില്‍ പൂട്ടിയിട്ടു.
തുടർന്ന് കൈകാലുകള്‍ കട്ടിലില്‍ ബന്ധിച്ച ശേഷം വായില്‍ തുണി തിരുകുകയും ചെയ്തു. പിന്നാലെ വൈദ്യുതി കേബിളുകള്‍ ഉപയോഗിച്ച് ഷോക്കേല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ പരമേശ്വർ പഥക് പൊലീസില്‍ പരാതി നല്‍കി. പിതാവും സഹോദരനും എന്തെങ്കിലും ചെയ്യുമോയെന്ന് പേടിയുണ്ടെന്ന് വ്യക്തമാക്കി പെണ്‍കുട്ടി തനിക്കയച്ച കത്തുകളും പരമേശ്വർ പൊലീസിന് കൈമാറിയിരുന്നു.
