ലൈഫ് ഭവനപദ്ധതി; കാസർകോട് ഒരുക്കുന്ന പാർപ്പിട സമുച്ചയത്തിൻ്റെ നിർമാണം നിലച്ചു

കാസർകോട്: കാസർകോട് കോളിയടുക്കത്ത് ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ഭവന സമുച്ചയത്തിന്‍റെ നിർമാണം പൂർണമായും നിലച്ചു. ആറ് മാസത്തിനകം ഫ്ലാറ്റുകൾ കൈമാറാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ഹൈദരാബാദ് ആസ്ഥാനമായുള്ള നിർമ്മാണ കമ്പനി തുകയിൽ കുടിശ്ശിക വരുത്തിയതോടെ പദ്ധതി ഉപേക്ഷിച്ചു.

44 ഭൂരഹിത കുടുംബങ്ങൾക്ക് പാർപ്പിടം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി 2020 ഫെബ്രുവരിയിലാണ് കോളിയടുക്കത്തെ ബഹുനില പാർപ്പിട സമുച്ചയത്തിന്‍റെ നിർമ്മാണം ആരംഭിച്ചത്. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി ആറ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാമെന്ന വ്യവസ്ഥയിലാണ് കരാർ സ്വന്തമാക്കിയത്. ലൈറ്റ് ഗേജ് സ്റ്റീൽ ഫ്രെയിം എന്ന പ്രീ-ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. എന്നാൽ കരാർ തുക കുടിശ്ശികയായതിനാൽ സർക്കാരുമായുള്ള പ്രശ്നങ്ങൾ തുടർന്നതോടെ കമ്പനി നിർമ്മാണം ഉപേക്ഷിച്ചു. ചെമ്മനാട് പഞ്ചായത്തിൽ മാത്രം അർഹരായ 120 ഓളം കുടുംബങ്ങളാണ് പദ്ധതി യാഥാർത്ഥ്യമാകാൻ കാത്തിരിക്കുന്നത്.

ഭൂമി അനുവദിക്കുന്നതിനൊപ്പം റോഡ്, വൈദ്യുതി, വെള്ളം എന്നിവയുൾപ്പെടെ മറ്റ് അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനും പഞ്ചായത്ത് തയ്യാറാണ്. എന്നാൽ, 6.64 കോടി രൂപയുടെ പദ്ധതിയുടെ നിർമ്മാണം പുനരാരംഭിക്കാൻ കഴിയുമോ എന്ന് പോലും അധികൃതർക്ക് ഉറപ്പില്ല. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള ആദ്യ പാർപ്പിട സമുച്ചയമാണ് കാടുപിടിച്ച് നശിക്കുന്നത്.