‘മാർഗരറ്റ് താച്ചറെപ്പോലെ സമ്പദ്വ്യവസ്ഥ മുന്നോട്ടുകൊണ്ടുപോകും’
ലണ്ടൻ: മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറിനെപ്പോലെ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രചാരണം നടത്തുന്ന ഇന്ത്യൻ വംശജനായ ഋഷി സുനക്. പ്രചാരണത്തിന്റെ ഭാഗമായി ആദ്യമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഋഷി സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങൾ നൽകിയത്. മാർഗരറ്റ് താച്ചർ 1979 മുതൽ 1990 വരെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്നു.
“ഞങ്ങൾ ഉത്തരവാദിത്തത്തോടെ നികുതി കുറയ്ക്കും. അതാണ് എന്റെ സാമ്പത്തിക നീക്കം. താച്ചറിസം എന്ന സാമാന്യബോധമായി ഞാനതിനെ വിശേഷിപ്പിക്കും. അവർ ഉണ്ടായിരുന്നെങ്കിൽ, ഇങ്ങനെ ചെയ്തേനെ എന്ന് ഞാൻ വിശ്വസിക്കുന്നു. അവരുടെ പ്രസംഗങ്ങളും മറ്റും പരിശോധിച്ചാൽ ഇത് മനസ്സിലാക്കാൻ കഴിയും. ഒരു രാജ്യം എത്രയധികം ചെലവഴിക്കുന്നുവോ അത്രയധികം വരുമാനം നേടണമെന്ന രീതിയിലാണ് അവർ കാര്യങ്ങളെ സമീപിക്കുന്നത്,” സുനക് പറഞ്ഞു.
ബ്രിട്ടനിൽ ജീവിതച്ചെലവ് വർധിക്കുന്ന പശ്ചാത്തലത്തിലാണ് സുനക്കിന്റെ പ്രസ്താവന. സാമ്പത്തിക വിദഗ്ധർ രാജ്യത്ത് മാന്ദ്യം പ്രവചിക്കുന്നുണ്ട്.