എട്ടാം ക്ലാസുകാർക്ക് ‘ലിറ്റിൽ കൈറ്റ്‌സ്’ അംഗമാകാം

തിരുവനന്തപുരം | സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ- എയ്‌ഡഡ് ഹൈസ്‌കൂളുകളിൽ നിലവിലുള്ള ’ലിറ്റിൽ കൈറ്റ്‌സ്’ ക്ലബ്ബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം.

അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്‌കൂളിലേയും ക്ലബ്ബുകളിൽ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 13-ന് നടക്കും. സ്‌കൂളുകളിൽ നിന്ന്‌ ലഭിക്കുന്ന അപേക്ഷ ഫോറത്തിൽ കുട്ടികൾ പ്രഥമ അധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്.

അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹാർഡ്‌വേർ, അനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും.

പുതിയതായി യൂണിറ്റുകൾക്ക് വിതരണം ചെയ്തിട്ടുള്ള ആർഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയുള്ള റോബോട്ടിക്‌സ് പ്രവർത്തനങ്ങളും ബ്ലെൻഡർ സോഫ്റ്റ്‌ വേർ പ്രയോജനപ്പെടുത്തിയുള്ള 3ഡി അനിമേഷൻ തയ്യാറാക്കൽ തുടങ്ങിയവ ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ ആയിരിക്കും. സ്‌കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധി ദിവസങ്ങൾ ഉപയോഗിച്ചും ആണ് പരിശീലനം ക്രമീകരിക്കുന്നത്.

ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് പത്താം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്. വിശദാംശങ്ങൾ www.kite.kerala.gov.in-ൽ ലഭിക്കും.