സമുദ്രത്തിനടിയിൽ ചത്തടിയുന്ന ജീവികൾ ഭൂകമ്പങ്ങളെ സ്വാധീനിക്കും എന്ന് പുതിയ പഠനം

ഭൗമ പാളികളുടെ ചലനങ്ങളാണ് സാധാരണയായി ഭൂകമ്പങ്ങൾക്ക് കാരണമാകുന്നത്. എന്നാൽ സമുദ്രത്തിനടിയിൽ ചത്തടിയുന്ന ജീവികൾ, ഭൂകമ്പങ്ങളെ സ്വാധീനിക്കാറുണ്ട് എന്ന് പുതിയ പഠനം പുറത്തുവരുന്നു. ന്യൂസിലൻഡിനോട് ചേർന്നുള്ള ഹികുരാൻജി സബ്ഡക്ഷൻ മേഖലയിൽ ഗവേഷകർ നടത്തിയ പഠനങ്ങൾ ആണ് പുതിയ വെളിപ്പെടുത്തലിന് കാരണമായിരിക്കുന്നത്.

കാലങ്ങളായി ചത്തടിയുന്ന സമുദ്രത്തിലെ സൂക്ഷ്മജീവികൾ ഭൂമിയിലെ പാളികൾക്കിടയിലേക്ക് എത്തുകയും ഭൂകമ്പങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു എന്നാണ് പുതിയ കണ്ടെത്തൽ. ദശലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് ഇത്തരത്തിലുള്ള സൂക്ഷ്മജീവികൾ വന്നടിഞ്ഞ് ഈ മേഖലയിൽ കാൽസൈറ്റ് നിക്ഷേപം ഉണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്തരം നിക്ഷേപങ്ങൾക്ക് ഭൗമ പാളികൾ തമ്മിലുള്ള ഉരസലിനെ സ്വാധീനിക്കാൻ കഴിയും. ഹികുരാൻജി സബ്ഡക്ഷൻ മേഖലയിൽ നടക്കുന്നത് പസഫിക് പാളിയും ഓസ്ട്രേലിയ പാളിയും തമ്മിലുള്ള ഉരസലാണ്. ഈ ഭൗമപാളികളുടെ ചലനങ്ങൾ ഭൂമിയിൽ റിക്ട്ടർ സ്കെയിലിൽ എട്ടു തീവ്രത വരെ വന്നേക്കാവുന്ന വൻ ഭൂകമ്പങ്ങൾക്ക് കാരണമായേക്കും.

അനുകൂല സാഹചര്യങ്ങൾ ആണെങ്കിൽ കാൽസൈറ്റ് നിക്ഷേപങ്ങൾ സമുദ്രത്തിൽ അലിഞ്ഞുപോകും. അങ്ങനെ വരാതിരിക്കുമ്പോഴാണ് ഉരസലും ഭൂകമ്പ സാധ്യതയും വർദ്ധിക്കുന്നത്.താപനില കുറഞ്ഞിരിക്കുമ്പോഴും ഉയർന്ന സമ്മർദ്ദത്തിൽ ആകുമ്പോഴും കാൽസൈറ്റ് വേഗം അലിയും. എന്നാൽ താപനില ഉയരുന്നത് അനുസരിച്ച് ഇതിന്റെ കട്ടി കൂടുകയും, അലിയാനുള്ള സാധ്യത കുറയുമെന്നും ഭൗമശാസ്ത്ര വിദഗ്ധനായ കരോളിൻ ബൗൾട്ടൺ പറയുന്നു.

താപനിലയിൽ ഏതാണ്ട് 10 ഡിഗ്രി സെൽഷ്യസിന്റെ വരെ വർദ്ധനവ് സമുദ്രത്തിന് അടിയിലെ ഭൗമ പാളികൾക്കിടയിൽ ആഴത്തിൽ പോകുന്തോറും സംഭവിക്കാറുണ്ട്. അതുകൊണ്ടുതന്നെ സമുദ്ര ജീവികളിൽ അടങ്ങിയിട്ടുള്ള കാൽസ്യത്തിന്റെ അളവ് ഭാവിയിൽ വലിയ തരത്തിലുള്ള ഭൂകമ്പങ്ങൾക്ക് കാരണമാകും. വരുന്ന 50 വർഷത്തിനുള്ളിൽ മേഖലയിൽ വൻഭൂകമ്പത്തിനും സുനാമിക്കും 26% സാധ്യതയാണ് ഗവേഷകർ കണക്കുകൂട്ടുന്നത്.