സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്നൗ ജില്ലാ കോടതി ബുധനാഴ്ച പരി​ഗണിക്കും 

ഡൽഹി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസിൽ സിദ്ദിഖ്‌ കാപ്പന്റെ ജാമ്യാപേക്ഷ ലഖ്നൗ ജില്ലാ കോടതി മാറ്റിവെച്ചു. മുലായം സിംഗ് യാദവിന്‍റെ നിര്യാണത്തെ തുടർന്ന് ദുഃഖാചരണം പ്രഖ്യാപിച്ചതിനാലാണ് കേസ് മാറ്റിവെച്ചത്. ജാമ്യാപേക്ഷ ബുധനാഴ്ച വീണ്ടും പരിഗണിക്കും.

യുഎപിഎ കേസിൽ ജയിലിൽ കഴിയുന്ന സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ നടപടികൾ പൂർത്തിയായി. ലഖ്നൗ സർവകലാശാല മുൻ വൈസ് ചാൻസലറും സാമൂഹിക പ്രവർത്തകയുമായ രൂപ രേഖ വർമ, ലഖ്നൗ സ്വദേശി റിയാസുദ്ദീൻ എന്നിവരാണ് കാപ്പന് വേണ്ടി ജാമ്യം നിന്നത്. ഒരു ലക്ഷം രൂപ വീതവും രണ്ട് യു.പി സ്വദേശികളുടെ ആൾജാമ്യവും വേണമെന്നായിരുന്നു വ്യവസ്ഥ.

രൂപാ വർമ്മ സ്വന്തം കാർ ജാമ്യമായി നൽകിയിരുന്നു. യു.പിയിൽ നിന്നുള്ള ജാമ്യക്കാരെ ലഭിക്കാത്തതിനാൽ നടപടികൾ വൈകുന്നുവെന്ന് മനസ്സിലാക്കിയാണ് രൂപരേഖ വർമ്മ ജാമ്യം നിൽക്കാൻ സമ്മതിച്ചത്. എന്നാൽ ഇ.ഡി കേസിൽ ജാമ്യം ലഭിച്ച ശേഷമേ കാപ്പനെ വിട്ടയക്കാനാകൂ.