പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി ഇന്ന് കേരളത്തിലെത്തും.

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി ഇന്ന് കേരളത്തിലെത്തും. ബംഗളൂരുവില്‍ തുടരുന്ന ജാമ്യ വ്യവസ്ഥയില്‍ സുപ്രിം കോടതി ഇളവ് നല്‍കിയതോടെയാണ് മഅദനി കേരളത്തിലെത്തുന്നത്. കൊല്ലം അന്‍വാര്‍ശേരിയിലുള്ള പിതാവിനെ മഅദനി കാണും. ആരോഗ്യാവസ്ഥ പരിഗണിച്ചും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്തും ആഘോഷങ്ങളില്ലാതെ എയര്‍പോര്‍ട്ടില്‍ പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും മാത്രം മഅദനിയെ സ്വീകരിക്കും.
അസുഖബാധിതനായ പിതാവിനൊപ്പം ഏതാനും ദിവസങ്ങള്‍ അന്‍വാര്‍ശേരിയില്‍ കഴിഞ്ഞ ശേഷമേ ചികിത്സാ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകൂ എന്നാണ് മദനിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 15 ദിവസത്തില്‍ ഒരിക്കല്‍ വീടിനടുത്തെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സുപ്രീംകോടതിയുടെ വിധി പകര്‍പ്പ് വിചാരണക്കോടതിയില്‍ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. ബംഗലൂരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്ത് കളഞ്ഞാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. ചികിത്സയ്ക്കായി വേണമെങ്കില്‍ കൊല്ലത്തിന് പുറത്തേക്ക് പൊലീസ് അനുമതിയോടെ പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ഇത്തവണ നാട്ടില്‍ പോകാന്‍ കര്‍ണാടക പൊലീസിന്റെ അകമ്പടി വേണമെന്നോ, കേരളാ പൊലീസ് സുരക്ഷ നല്‍കണമെന്നോ കോടതി നിര്‍ദേശിച്ചിട്ടില്ല.