മാനസിക സമ്മര്‍ദത്തെത്തുടര്‍ന്ന് 19ാം നിലയില്‍ നിന്ന് ചാടി ആറാം ക്ലാസുകാരി; ദാരുണാന്ത്യം
മഹാരാഷ്ട്ര: നിരന്തരം പഠിച്ചിട്ടും പഠനത്തില്‍ മികവ് പുലർത്താൻ കഴിയാത്തതിന്റെ മനോവിഷമത്തില്‍ സ്വന്തം ഫ്ലാറ്റില്‍ നിന്നും താഴേക്ക് ചാടി ജീവനൊടുക്കി ആറാം ക്ലാസുകാരി.മഹാരാഷ്ട്രയിലെ താനെയില്‍ ആയിരുന്നു സംഭവം. കല്യാണ്‍ വെസ്റ്റ് മേഖലയിലെ അപ്പാർട്ട്മെന്റില്‍ താമസിക്കുന്ന 14 വയസുകാരിയാണ് മാനസിക സമ്മർദ്ദത്തെത്തുടർന്ന് ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ മാർക്ക് കുറഞ്ഞതിന്റെ വിഷമത്തിലായിരുന്നുവെന്ന കുട്ടി എന്നാണ് ബന്ധുക്കളും പ്രതികരിച്ചത്.
അമ്മയ്ക്കും മുത്തശ്ശിക്കും സഹോദരിക്കുമൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. നന്നായി പഠിച്ചിട്ടും മികവു പുലർത്താനാകാത്തതില്‍ പെണ്‍കുട്ടിക്ക് നിരാശയുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദീപാവലിക്കു മുൻപ് നടത്തിയ പരീക്ഷയില്‍ വളരെ കുറഞ്ഞ മാർക്കുകളാണ് പെണ്‍കുട്ടിക്ക് ലഭിച്ചത്. പഠനം മെച്ചപ്പെടുത്തണമെന്ന് അധ്യാപകർ നിരന്തരം കുട്ടിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനാല്‍ കുട്ടി സമ്മർദത്തിലായിരുന്നു.
അപ്പാർട്ട്മെന്റില്‍ പത്തൊൻപതാം നിലയിലുള്ള സ്വന്തം ഫ്ലാറ്റിന്റെ ജനാലയില്‍നിന്നാണ് കുട്ടി താഴേക്ക് ചാടി ജീവനൊടുക്കിയത്. ഇരുചക്രവാഹനങ്ങളുടെ പാർക്കിങ്ങിലേക്കാണ് വീണത്. സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ചേർന്ന് ഉടൻ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഖഡക്പഡ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
