Latestദേശീയം

സ്ത്രീധനം മടക്കിക്കൊടുക്കാൻ ആവശ്യപ്പെട്ടതിന് യുവതിയെ ഭർത്താവും ഭർതൃസഹോദരിയും ചേർന്ന് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

സ്ത്രീധനം മടക്കിക്കൊടുക്കാൻ ആവശ്യപ്പെട്ടതിന് യുവതിയെ ഭർത്താവും ഭർതൃസഹോദരിയും ചേർന്ന് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി.മഹാരാഷ്ട്രയിലെ പാല്‍ഘർ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. കല്‍പന സോണി എന്ന മുപ്പത്തഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്.

ഭർത്താവ് മഹേഷ് സോണിയെയും ഇയാളുടെ സഹോദരി ദീപാലി സോണിയെയും പോലീസ് അറസ്റ്റ് ചെയ്തു. വീരാർ വെസ്റ്റില്‍ ഭർത്താവിനും ഭർതൃവീട്ടുകാർക്കും ഒപ്പമായിരുന്നു കല്‍പനയുടെ താമസം. 2015-ലാണ് കല്‍പനയും മഹേഷും വിവാഹിതരായത്. കല്‍പനയെ ഭർതൃവീട്ടുകാർ ശാരീകമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ഇതേച്ചൊല്ലി വാക്കുതർക്കങ്ങളും പതിവായിരുന്നു.

ശനിയാഴ്ച, വഴക്കുണ്ടായതിന് പിന്നാലെ കല്‍പന, അവരുടെ സ്ത്രീധനം തിരികെ ആവശ്യപ്പെട്ടു. സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവുകയാണെന്നും പറഞ്ഞു. ഇതോടെ മഹേഷും ദീപാലിയും കുപിതരാവുകയും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച്‌ കല്‍പനയെ ആക്രമിക്കുകയുമായിരുന്നെന്ന് സീനിയർ ഇൻസ്‌പെക്ടർ പ്രകാശ് കവാലെ പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ കല്‍പനയെ അയല്‍വാസികള്‍ ചേർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കല്‍പന കുളിമുറിയില്‍ തെന്നിവീണ് പരിക്കേറ്റതാണെന്നായിരുന്നു മഹേഷും ദീപാലിയും ആദ്യം പറഞ്ഞത്. എന്നാല്‍, ക്രൂരമായ മർദനത്തെ തുടർന്നാണ് മരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

കല്‍പന-മഹേഷ് ദമ്ബതികളുടെ ഏഴുവയസ്സുകാരി മകള്‍ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. കല്‍പനയുടെ അമ്മയുടെ സഹോദരന്റെ പരാതിയിലാണ് മഹേഷിനെയും ദീപാലിയെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി ഏഴുദിവസത്തേക്ക് റിമാൻഡ് ചെയ്തു