Latestകേരളം

മലപ്പുറത്ത് എട്ട് മാസം പ്രായമുള്ള കുട്ടിയെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചു

മലപ്പുറത്ത് എട്ട് മാസം പ്രായമുള്ള കുട്ടിയെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചു. മലപ്പുറം മഞ്ചേരി പുല്ലാറ സ്വദേശി മുഹമ്മദിന്റെ മകൻ അഹമ്മദ് അലിഅസഫിനെ ആണ് മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചത്.കുട്ടിയുടെ അമ്മയുടെ വീട് വണ്ടൂർ അടുത്താണ്. അവിടെ നിന്നാണ് കുഞ്ഞ് അനങ്ങുന്നില്ല എന്ന കാരണത്താല്‍ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചത്. പരിശോധനയില്‍ കുട്ടി മരിച്ചതായി കണ്ടെത്തി. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചതായി സ്ഥീരീകരിച്ചു. പൊലീസില്‍ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി കുഞ്ഞിനെ പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി മഞ്ചേരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്ക് 4 മക്കളാണുള്ളത്.

കുഞ്ഞിന്റെ മരണത്തില്‍ ആശുപത്രി അധികൃതർ അസ്വാഭാവികത പ്രകടിപ്പിച്ചതിനെ തുടർന്നാണ് പൊലീസ് പോസ്റ്റ്മോർട്ടത്തിന് നിർദേശിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അമ്മയെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്യും. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ സംഭവത്തില്‍ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.