Latestകേരളം

അർദ്ധരാത്രി 10 അടിയോളം താഴ്ചയുള്ള കുഴിയില്‍ വീണ യുവാവിനെ പൊലിസ് സാഹസികമായി രക്ഷപ്പെടുത്തി

അർദ്ധരാത്രി 10 അടിയോളം താഴ്ചയുള്ള കുഴിയില്‍ വീണ യുവാവിനെ പൊലിസ് സാഹസികമായി രക്ഷപ്പെടുത്തി. കൃത്യസമയത്തുള്ള പൊലിസിൻ്റെ ഇടപെടലാണ് താമരശ്ശേരി സ്വദേശിയായ രവീണ്‍ (22) എന്ന യുവാവിൻ്റെ ജീവൻ രക്ഷിച്ചത്.സൈബർ സെല്ലിൻ്റെ സഹായത്തോടെ ഫോണ്‍ ലൊക്കേഷൻ കണ്ടെത്തിയാണ് പൊലിസ് രക്ഷാപ്രവർത്തനം നടത്തിയത്.

ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് നിലമ്ബൂർ പൊലിസ് സ്റ്റേഷനിലേക്ക് കണ്‍ട്രോള്‍ റൂമില്‍ നിന്ന് അടിയന്തര സന്ദേശം ലഭിക്കുന്നത്. നിലമ്ബൂർ ഭാഗത്ത് എവിടെയോ കുഴിയില്‍ വീണ നിലയില്‍ ഒരു യുവാവിൻ്റെ കോള്‍ ലഭിച്ചെന്നായിരുന്നു സന്ദേശം.വിവരം ലഭിച്ച ഉടൻ നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. ടി.പി. മുസ്തഫയും സീനിയർ സി.പി.ഒ. നിബിൻ ദാസും യുവാവിനെ തിരിച്ചുവിളിച്ചു.

കുഴിയില്‍ വീണു കിടക്കുകയാണെന്നും, എവിടെയാണെന്ന് വ്യക്തമായി അറിയില്ലെന്നുമായിരുന്നു യുവാവിൻ്റെ മറുപടി. ഉടൻ തന്നെ സൈബർ സെല്ലിൻ്റെ സഹായം തേടിയ പൊലിസ്, ഫോണ്‍ നമ്ബറിൻ്റെ ലൊക്കേഷൻ പരിശോധിക്കുകയും യുവാവ് മമ്ബാട് ടാണ ഭാഗത്താണ് ഉള്ളതെന്ന് മനസ്സിലാക്കുകയും ചെയ്തു.

തൊട്ടടുത്തുള്ള വീട്ടില്‍ നിന്ന് കോണി സംഘടിപ്പിച്ചാണ് യുവാവിനെ കരക്കെത്തിച്ചത്. പരുക്കേറ്റ 22-കാരനായ രവീണിനെ ഉടൻ തന്നെ നിലമ്ബൂർ ഗവ. ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈങ്ങാപ്പുഴ സ്വദേശിയാണ് രവീണ്‍.താമരശ്ശേരിയിലുള്ള വീട്ടിലേക്ക് പോകാനിറങ്ങിയതായിരുന്നു. ബസ് ലഭിക്കാതെ വന്നപ്പോള്‍ മമ്ബാട് ഭാഗത്തേക്ക് നടക്കുകയായിരുന്നു. തന്നെ ആരോ പിന്തുടരുന്നതായി തോന്നിയെന്നും, രക്ഷപ്പെടാൻ ഓടുന്നതിനിടെയാണ് കുഴിയില്‍ വീണതെന്നുമാണ് രവീണ്‍ പൊലിസിനോട് പറഞ്ഞത്.