സംവിധായകൻ ജൂഡിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി
2018 എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിനിടെ സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിനെ കുറിച്ച് നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി മമ്മൂട്ടി. “ജൂഡിന്‍റെ തലയിൽ മുടിയില്ലെങ്കിലും, തലയ്ക്കകത്ത് ബുദ്ധിയുണ്ട്” എന്ന പ്രയോഗം ബോഡി ഷെയിമിംഗാണെന്ന് വിമർശിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ഖേദം പ്രകടിപ്പിച്ച മമ്മൂട്ടി ഇത്തരം പരാമർശങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും പറഞ്ഞു.
“പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ ന്‍റെ ട്രെയിലർ ലോഞ്ചിൽ ജൂഡ് ആന്‍റണിയെ പുകഴ്ത്തുന്ന ആവേശത്തിൽ പ്രയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ ഞാൻ ഖേദിക്കുന്നു, അത്തരം പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. എന്നെ ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി,” മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. തന്നെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകൾ വിവാദമാക്കേണ്ട കാര്യമില്ലെന്ന് ജൂഡ് നേരത്തെ പറഞ്ഞിരുന്നു.