മംഗളൂരു സ്ഫോടനം ആസൂത്രണം ചെയ്തത് കൊച്ചിയിലും മധുരയിലും വെച്ചെന്ന് സൂചന

മംഗളൂരു: മംഗളൂരു സ്ഫോടനക്കേസിലെ പ്രതികൾക്ക് കേരളവുമായി ബന്ധമുണ്ടെന്ന് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. കേരളത്തിലും തമിഴ്നാട്ടിലുമാണ് പ്രതികൾ സ്ഫോടനത്തിനുള്ള ഗൂഡാലോചന നടത്തിയത്. കൊച്ചിയിലും മധുരയിലുമായാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് കർണാടക ഡിജിപി പ്രവീൺ സൂദ് പറഞ്ഞു. പ്രതികളുടെ തീവ്രവാദ ബന്ധം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം കേരളത്തിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചതായും ആഭ്യന്തരമന്ത്രി പറഞ്ഞു. എൻഐഎയും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മംഗളൂരു സ്ഫോടനക്കേസിലെ പ്രതി ഷാരിഖിന് കോയമ്പത്തൂർ സ്ഫോടനത്തിൽ പങ്കുണ്ടെന്ന് കർണാടക പൊലീസ് നേരത്തെ അവകാശപ്പെട്ടിരുന്നു. ദുബായിലിരുന്നാണ് സ്ഫോടനത്തിന്‍റെ സൂത്രധാരൻ അബ്ദുൾ മദീൻ താഹ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി. സ്ഫോടനത്തിന് തൊട്ടുമുമ്പ് ബോംബ് ഘടിപ്പിച്ച ബാഗ് ഷാരിഖ് കൈവശം വെച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

സെപ്റ്റംബറിൽ കോയമ്പത്തൂർ സ്ഫോടനക്കേസിലെ ചാവേറായിരുന്ന ജമേഷ മുബീനുമായി ഷാരിഖ് കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്നാട്ടിലെ സിംഗനല്ലൂരിലെ ഒരു ലോഡ്ജിൽ ദിവസങ്ങളോളം താമസിച്ചു. കോയമ്പത്തൂർ സ്ഫോടനത്തിന് മുമ്പുള്ള ദിവസങ്ങളിൽ ഇരുവരും വാട്സാപ്പ് സന്ദേശങ്ങൾ കൈമാറിയിരുന്നു. മംഗളൂരുവിലെ നാഗൂരി ബസ് സ്റ്റാൻഡിൽ സമാനമായ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. ദുബായ് സ്വദേശിയായ അബ്ദുൾ മദീൻ താഹയാണ് ആക്രമണത്തിന്‍റെ സൂത്രധാരൻ. ദുബായിൽ നിന്ന് താഹ ഇരുവർക്കും പണം അയച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.